Currency

ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ രണ്ട് മാസത്തിനുള്ളില്‍ 3.5% കുറവ്

സ്വന്തം ലേഖകന്‍Tuesday, April 9, 2019 2:26 pm

മസ്‌കത്ത്: ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കുറവ് തുടരുന്നു. രണ്ട് മാസത്തിനുള്ളില്‍ വിദേശി ജനസംഖ്യയില്‍ മൂന്നര ശതമാനത്തിന്റെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. സ്വദേശിവത്കരണ നടപടികളും വിവിധ തൊഴില്‍ മേഖലകളിലെ വിസാ വിലക്കും വന്നതോടെയാണ് വിദേശികളുടെ എണ്ണത്തില്‍ കുറവുണ്ടായത്.

ഫെബ്രുവരി അവസാനത്തെ കണക്കനുസരിച്ച് 17,82,406 വിദേശികളാണ് രാജ്യത്ത് ഉള്ളത്. ഡിസംബര്‍ അവസാനം ഇത് 17,87,447 ആയിരുന്നു. അല്‍ വുസ്തയും ദാഖിലിയയും ഒഴിച്ച് മറ്റെല്ലാ ഗവര്‍ണേററ്റുകളിലുമുള്ള വിദേശ ജനസംഖ്യയില്‍ കുറവ് ദൃശ്യമാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ദോഫാറിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. 1467 പേരാണ് മസ്‌കത്തില്‍ നിന്ന് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി രാജ്യം വിട്ടത്.

വിദ്യാഭ്യാസമുള്ള വിദേശികളുടെ എണ്ണത്തിലും കുറവുണ്ട്. ഡിപ്ലോമ ധാരികളുടെ എണ്ണം 8.3 ശതമാനം കുറഞ്ഞ് 4,202 ആയപ്പോള്‍ സര്‍വകലാശാല മാസ്റ്റര്‍ ബിരുദമുള്ളവരുടെ എണ്ണത്തില്‍ യഥാക്രമം 5.7 ശതമാനത്തിന്റെയും 6.6 ശതമാനത്തിന്റെയും കുറവുണ്ടായി. വിദേശികളില്‍ ഇന്ത്യക്കാര്‍ തന്നെയാണ് കൂടുതലും. ഡിസംബറിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 6.6 ലക്ഷമായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x