Currency

സ്ഥിര താമസക്കാര്‍ക്കായി പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി ഖത്തര്‍

സ്വന്തം ലേഖകന്‍Wednesday, April 10, 2019 4:39 pm

ദോഹ: ഖത്തറില്‍ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നവരുടെ യോഗ്യത പരിശോധിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ഇരുപത് വര്‍ഷമായി നിയമപ്രകാരം ഖത്തറില്‍ തുടരുന്ന പ്രവാസികള്‍ക്കും ഖത്തറില്‍ ജനിച്ച് പത്ത് വയസ്സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്കുമാണ് സ്ഥിരതാമസാനുമതി നല്‍കുക. അറബി ഭാഷയിലുള്ള കഴിവ്, കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാതിരിക്കല്‍ തുടങ്ങിയവയും കൂടി പരിഗണിച്ചാണ് അനുമതി നല്‍കുക.

ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് പുതിയ ലിങ്ക് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷാവസാനമാണ് ഖത്തറില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസാനുമതി നല്‍കുന്ന നിയമത്തിന് ഖത്തര്‍ അമീര്‍ അംഗീകാരം നല്‍കിയത്. സ്ഥിരം താമസാനുമതിക്ക് നിങ്ങള്‍ അര്‍ഹരാണോയെന്ന് പരിശോധിക്കാന്‍ വെബ്‌സൈറ്റില്‍ ആഭ്യന്തര മന്ത്രാലയം ഒരു ലിങ്ക് നല്‍കിയിട്ടുണ്ട്. ഇത് തുറന്നാല്‍ വരുന്ന പേജില്‍ അപേക്ഷകന്റെ ഖത്തര്‍ ഐ.ഡി നമ്പറും കാലാവധി തീയതിയും നല്‍കണം.

അല്‍പ്പസമയത്തിനകം തന്നെ നിങ്ങള്‍ക്ക് സ്ഥിരതാമസത്തിന് അര്‍ഹതയുണ്ടോയെന്ന മറുപടി ലഭിക്കും. യോഗ്യരാണെങ്കില്‍ പുതിയ വിഭാഗത്തില്‍ തരംതിരിച്ച് അപേക്ഷ നല്‍കുന്നതിന് പുതിയ ലിങ്ക് ലഭിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x