
ദോഹ: അല്‍ഖോര്‍ കോസ്റ്റല്‍ റോഡ് തുറന്നു. ഇതോടെ ദോഹയില്‍ നിന്ന് അല്‍ഖോറിലേക്കുള്ള യാത്ര ഏറെ എളുപ്പമാകും. 20 മിനുട്ടിനുള്ളില്‍ അല്‍ഖോറില്‍ എത്താനാകും. പ്രധാന ട്രക്ക് പാതയും മൂന്ന് പ്രധാന ഇന്റര്‍ചേഞ്ചുകളും ഉള്‍പ്പെട്ടതാണ് റോഡ്. ദോഹയെയും അല്‍ഖോറിനെയും ബന്ധിപ്പിക്കുന്ന റോഡ് തീരുമാനിച്ചതില്‍ നിന്നും ഒരു വര്‍ഷം മുമ്പേയാണ് പണി പൂര്‍ത്തിയാക്കിയത്. 2020 രണ്ടാംപാദത്തില്‍ തുറന്നുകൊടുക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.
തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ റോഡ് ഉദ്ഘാടനം ചെയ്തത്. 33 കിലോമീറ്റര്‍ ആണ് അല്‍ഖോര്‍ കോസ്റ്റല്‍ റോഡിന്റെ ആകെ നീളം. ഓരോ ദിശയിലും അഞ്ചുറോഡ് ലൈനുകള്‍ ആണ് ഉള്ളത്. പത്ത് ഇന്റര്‍സെക്ഷനുകളും ഉണ്ട്. ഇതില്‍ മൂന്ന് എണ്ണം പൂര്‍ണമായും തുറന്നുകഴിഞ്ഞു. എട്ട് പാലങ്ങള്‍, 22 തുരങ്കപാതകള്‍ എന്നിവയും ഉണ്ട്. ദോഹ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് റോഡ്. ഇതോടെ ദോഹയെയും വടക്കന്‍ ഭാഗങ്ങളെയും കൂട്ടിയോജിപ്പിക്കാന്‍ സാധിക്കും.
റോഡിന്റെ പ്രധാന കാരേജ് വേ അല്‍ശമാല്‍ റോഡിലേക്കുള്ള സമാന്തരപാതയായും ഉപയോഗിക്കാനാകും. അല്‍ഖോറില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഇതിനാല്‍ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാം. അല്‍ശമാല്‍ റോഡ് വഴിയുള്ള യാത്രയേക്കാള്‍ 65 ശതമാനം സമയം ലാഭിക്കാനുമാകും. അല്‍ഖോറില്‍ നിന്ന് ദോഹയിലേക്ക് പുതിയ റോഡിലൂടെ 20 മിനുട്ടിനുള്ളില്‍ എത്താന്‍ സാധിക്കുമെന്ന് ഗതാഗത വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി ഉദ്ഘാടനചടങ്ങില്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.