
ദോഹ: റമദാനുമായി ബന്ധപ്പെട്ട് വിപണിയില്‍ 500ലധികം അവശ്യ ഉല്‍പന്നങ്ങള്‍ക്ക് വാണിജ്യ വ്യവസായ മന്ത്രാലയം ഇളവ് പ്രഖ്യാപിച്ചു. രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് മാളുകളുമായി സഹകരിച്ചാണ് ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമായ പദ്ധതി നടപ്പിലാക്കുന്നത്. പ്രാബല്യത്തില്‍ വന്ന പ്രഖ്യാപനം റമദാന്‍ അവസാന ദിവസം വരെ തുടരും. ഭക്ഷ്യവിഭവങ്ങള്‍ക്ക് ആവശ്യം വര്‍ധിക്കുന്ന റമദാനില്‍ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ഇളവ് വരുത്തി രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ആശ്വാസം പകരുകയാണ് സംരംഭത്തിലൂടെ മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.
വിവിധ ഇനം പൊടികള്‍, അരി, പഞ്ചസാര, പാസ്റ്റ, ഹരീസ്, എണ്ണ, പാല്‍ തുടങ്ങി റമദാനില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഭക്ഷ്യഭക്ഷ്യേതര വസ്തുക്കളെല്ലാം മന്ത്രാലയത്തിന്റെ സംരംഭത്തില്‍ ഉള്‍പ്പെടും. റമദാനില്‍ അധികമായി വില്‍പന നടക്കുന്ന ഉല്‍പന്നങ്ങളുടെ പട്ടിക തയ്യാറാക്കാനും കഴിയുന്ന രീതിയില്‍ ഇളവ് പ്രഖ്യാപിക്കാനും രാജ്യത്തെ വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റമദാനില്‍ ഇളവുള്ള ഉല്‍പന്നങ്ങളുടെ പട്ടിക തൂക്കും. കൂടാതെ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും നെറ്റ്‌വര്‍ക്ക് പേജുകളിലും ഇത് ലഭ്യമാണ്.
ഏതെങ്കിലും രീതിയിലുള്ള നിയമലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ഉപഭോക്താക്കള്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും ഇതിനായി 16001 ടോള്‍ ഫ്രീ നമ്പര്‍, info@moci.gov.qa എന്ന ഇമെയില്‍ ഐഡി, ട്വിറ്ററിലെയും ഇന്‍സ്റ്റഗ്രാമിലെയും മന്ത്രാലയത്തിന്റെ അക്കൗണ്ടുകള്‍ എന്നിവ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.