Currency

25 ശതമാനം ഇളവുമായി ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Wednesday, May 22, 2019 2:19 pm

ദോഹ: വിമാന യാത്രാ നിരക്കില്‍ 25 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേയ്‌സ്. ദോഹയില്‍ നിന്നും 160ലധികം കേന്ദ്രങ്ങളിലേക്കും തിരിച്ച് ദോഹയിലേക്കും ഹമദ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് സര്‍വീസിലും നിരക്കിളവ് അനുവദിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന് കീഴിലുള്ള അല്‍ മഹാ സര്‍വീസിലും ഖത്തര്‍ എയര്‍വേയ്‌സിന്റെ പേഴ്‌സണലൈസ്ഡ് ആന്‍ഡ് അസിസ്റ്റ് സര്‍വീസിലും ഈ നിരക്കുകള്‍ പ്രാബ ല്യത്തില്‍ വന്നിട്ടുണ്ട്. ഖത്തര്‍ ടൂറിസം കൗണ്‍സിലും ഖത്തര്‍ എയര്‍വേയ്‌സും സംഘടിപ്പിക്കുന്ന സമ്മര്‍ ഇന്‍ ഖത്തര്‍ പദ്ധതിയുടെ ഭാഗമായാണ് നിരക്കിളവ്.

ആഗസ്റ്റ് 15 വരെയുള്ള ടിക്കറ്റ് ബുക്കിംഗിലാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിന്റെ പൈതൃകവും ആതിഥ്യവും അനുഭവിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുകയാണ് സമ്മര്‍ ഇന്‍ ഖത്തര്‍ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നതെന്ന് ഖത്തര്‍ എയര്‍വേയ്‌സ് സിഇഒയും ഖത്തര്‍ നാഷണല്‍ ടൂറിസം കൗണ്‍സില്‍ സെക്രട്ടറി ജനറലുമായ അക്ബര്‍ അല്‍ ബാകിര്‍ പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 16വരെ നടക്കുന്ന സമ്മര്‍ ഇന്‍ ഖത്തര്‍ പരിപാടിയുടെ ഭാഗമായി നിരവധി ഫെസ്റ്റിവലുകളാണ് ഈ വേനലില്‍ നടക്കുന്നത്.

ജൂണ്‍ നാലിന് ഈദുര്‍ ഫിത്വറിലൂടെ ആരംഭിച്ച് ആഗസ്റ്റ് 12ലെ ഈദുല്‍ അദ്ഹായോടെ അവസാനിക്കുന്ന ഫെസ്റ്റിവലുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കാനിരിക്കുന്നത്. www.qatarairways.com/SummerInQatar. എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. സമ്മര്‍ ഇന്‍ ഖത്തറിനെ കുറിച്ച് www.SummerInQatar.qa എന്ന വെബ്‌സൈറ്റ് വഴി കൂടുതലറിയാന്‍ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x