Currency

അഭയാര്‍ത്ഥി സമൂഹങ്ങള്‍ക്ക് ധനസമാഹരണത്തിനൊരുങ്ങി ഖത്തര്‍ ചാരിറ്റി

സ്വന്തം ലേഖകന്‍Thursday, May 23, 2019 7:41 pm

ദോഹ: ദുരിതമനുഭവിക്കുന്ന അഭയാര്‍ത്ഥി സമൂഹങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി വന്‍ ധനസമാഹരണത്തിനൊരുങ്ങി ഖത്തര്‍ ചാരിറ്റി. ഫോര്‍ ഹ്യൂമാനിറ്റി അതായത് മനുഷ്യത്വത്തിന്റെ പേരില്‍ എന്ന വാക്ക് ചുരുക്കി ഫോര്‍ എച്ച് തലക്കെട്ടിലാണ് ഖത്തറിന്റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി വന്‍ ധനസമാഹരണത്തിനൊരുങ്ങുന്നത്. അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷനുമായി ചേര്‍ന്ന് നടത്തുന്ന പദ്ധതിയിലൂടെ വിവിധ രാജ്യങ്ങളിലെ മൂന്ന് ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ക്ക് സഹായമെത്തിക്കുകയാണ് ലക്ഷ്യം.

യമന്‍, സിറിയ, ഇറാഖ്, സോമാലിയ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും അടിയന്തിര ദുരിതാശ്വാസ സഹായങ്ങളെത്തിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇവര്‍ക്ക് വേണ്ട ഭക്ഷണവും ആരോഗ്യവും മതിയായ സുരക്ഷയും ഉറപ്പുവരുത്താനുതകുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ഖത്തറിലെ വിവിധ മാധ്യമങ്ങളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയുമാണ് ധനസമാഹരണം. വരുന്ന വെള്ളിയാഴ്ച്ച ഖത്തറിലെ റയ്യാന്‍ ടെലിവിഷന്‍ ചാനലിലൂടെ പ്രത്യേക ക്യാമ്പയിന്‍ നടത്തും. രാത്രി പത്ത് മണിക്ക് തുടങ്ങുന്ന ക്യാംപയിന്‍ പരിപാടികള്‍ അര്‍ദ്ധരാത്രി വരെ നീണ്ടുനില്‍ക്കും. സഹായിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഫോര്‍ എച്ച് ക്യാംപയിനുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും നല്‍കും.

അല്‍ ഖുര്‍ആര്‍ അല്‍കരീം റേഡിയോയിലൂടെയും ധനസമാഹരണ ക്യാംപയിന്‍ നടത്തും. അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മീഷനുമായിച്ചേര്‍ന്ന് സഹകരിച്ച് നിരവധി വര്‍ഷങ്ങളായി ഖത്തര്‍ ചാരിറ്റി വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x