
ദോഹ: ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് അധിക സര്‍വീസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ എയര്‍ വേയ്‌സ് ഇന്ത്യന്‍ ഏവിയേഷന്‍ അതോറിറ്റിയെ സമീപിച്ചു. മുംബൈ, ന്യൂഡല്‍ഹി, ബംഗലുരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള സര്‍വീസുകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അധിക സീറ്റുകള്‍ നല്‍കണമെന്നാണ് ആവശ്യം. തിരക്കേറിയ റൂട്ടുകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ കൂടുതല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാനാണ് പദ്ധതി.
എന്നാല്‍ 2009ലെ ഖത്തര്‍ഇന്ത്യ ഏവിയേഷന്‍ കരാര്‍ പ്രകാരമുള്ള സീറ്റുകളില്‍ മാറ്റമുണ്ടാകുകയില്ലെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കുന്നു. നിലവില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള കരാര്‍ പ്രകാരം ആഴ്ചയില്‍ 24292 യാത്രക്കാരെ മാത്രമേ ഒരു രാജ്യത്തിന്റെ വിമാനസര്‍വീസില്‍ ഉള്‍പ്പെടുത്താന്‍ കഴിയൂ.
നിലവിലെ തിരക്കുകള്‍ കണക്കിലെടുത്ത് ഇതില്‍ നിന്നും താല്‍ക്കാലിക മാറ്റമാണ് ആവശ്യം. ദോഹക്കും ഇന്ത്യയിലെ പ്രധാനനഗരങ്ങള്‍ക്കുമിടയിലുള്ള 28 വാരാന്ത സര്‍വീസുകള്‍ മറ്റ് വിമാന കമ്പനികള്‍ റദ്ദാക്കിയിരുന്നു. ഇന്ത്യയിലെ പ്രധാന വിമാനകമ്പനികളിലൊന്നായിരുന്ന ജെറ്റ് എയര്‍വേയ്‌സ് അന്താരാഷ്ട്ര സര്‍വീസുകളടക്കം മരവിപ്പിച്ചതും ദോഹയില്‍ നിന്നും അഹ്മദാബാദിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ഇന്‍ഡിഗോ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കിയതും ഖത്തറില്‍ വേനലവധി അടുത്തെത്തിയതും ഇന്ത്യയിലേക്കുള്ള യാത്രക്കാരെ വലക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.