
ദോഹ: ജീവകാരുണ്യപ്രവര്‍ത്തന രംഗത്ത് ചരിത്രം തീര്‍ത്ത് ഖത്തര്‍ ചാരിറ്റി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന അഭയാര്‍ത്ഥികള്‍ക്കായി ഒറ്റ രാത്രി കൊണ്ട് രണ്ടര കോടി റിയാലാണ് ഖത്തര്‍ ചാരിറ്റി സമാഹരിച്ചത്. ഫോര്‍ ഹ്യൂമാനിറ്റി അതായത് മനുഷ്യത്വത്തിന്റെ പേരില്‍ എന്ന തലക്കെട്ടിലാണ് ഖത്തറിന്റെ ഔദ്യോഗിക ജീവകാരുണ്യ വിഭാഗമായ ഖത്തര്‍ ചാരിറ്റി ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി ക്ഷേമ വിഭാഗമായ യു.എന്‍.എച്ച്.സി.ആറുമായിച്ചേര്‍ന്ന് വന്‍ ധനസമാഹരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചത്.
യമന്‍, സിറിയ, ഇറാഖ്, സോമാലിയ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കൊപ്പം ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കും അടിയന്തിര ദുരിതാശ്വാസ സഹായങ്ങളെത്തിക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി ഖത്തറിലെ അല്‍ റയ്യാന്‍ ടിവിയിലൂടെയും എഫ്.എം റേഡിയോയായ അല്‍ ഖുര്‍ആന്‍ അല്‍ കരീമിലൂടെയുമായിരുന്നു ക്യാമ്പയിന്‍. രണ്ട് കോടി നാല്‍പ്പത്തിയേഴ് ലക്ഷം റിയാല്‍ അതായത് നാല്‍പ്പത്തിയാറ് കോടിയോളം രൂപയാണ് വെറും രണ്ട് മണിക്കൂര്‍ കൊണ്ട് ക്യാമ്പയിനിലൂടെ സമാഹരിച്ചത്.
യുദ്ധം മൂലം സ്വന്തം വീടും നാടും നഷ്ടപ്പെട്ട ഏകദേശം രണ്ട് കോടിയോളം ജനങ്ങള്‍ യമനില്‍ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഏകദേശം എഴുപത് ലക്ഷത്തോളം പേര്‍ ഇറാഖിലും ഒരു ലക്ഷത്തോളം വരുന്ന സോമാലിയക്കാര്‍ കെനിയയിലും അഭയാര്‍ത്ഥികളായി കഴിയുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും ഒരു നേരത്തെ ഭക്ഷണത്തിനായി കഷ്ടപ്പെടുന്നവരാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.