
മസ്കത്ത്: പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം അനുവദിക്കണമെന്ന മാനവ വിഭവ മന്ത്രാലയത്തിന്റെ ഉത്തരവ് ശനി മുതല്‍ പ്രാബല്യത്തില്‍ വരും. ഉച്ചക്ക് 12.30 മുതല്‍ 3.30 വരെയാണ് വിശ്രമ സമയം. ആഗസ്ത് അവസാനം വരെയാണ് നിര്‍ദേശം നിലനില്ക്കുക. നിര്‍മാണ മേഖലയിലെ തൊഴിലാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.
ശാരീരിക പ്രയാസങ്ങളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്. ചൂട് കനക്കുന്ന കാലാവസ്ഥയില്‍ വിശ്രമ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ വര്‍ഷവും നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളും.
നിര്‍ദേശത്തെ തുടര്‍ന്ന് ചൂട് കുറഞ്ഞ സമയങ്ങളിലേക്ക് ജോലി സമയം ക്രമീകരിക്കുകയാണ് കമ്പനികള്‍ ചെയ്ത് വരുന്നത്. വിശ്രമ സമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. 100 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ തടവുമാണ് നിയമ ലംഘകര്‍ക്കുള്ള ശിക്ഷ.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.