Currency

പൊതുശുചിത്വം; നിയമലംഘനം നടത്തിയാല്‍ ഖത്തറില്‍ പിഴയും തടവും

സ്വന്തം ലേഖകന്‍Sunday, June 9, 2019 2:40 pm

ദോഹ: പൊതുശുചിത്വ നിയമ ലംഘനം നടത്തുന്നവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഖത്തര്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. സന്ദര്‍ശകര്‍ കൂട്ടമായി എത്തുന്ന ബീച്ചുകളിലും ദ്വീപുകളിലും പൊതുശുചിത്വത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമമെന്നും പൊതുശുചിത്വ വകുപ്പ് അറിയിച്ചു.

പെരുന്നാളിനോടനുബന്ധിച്ചുള്ള രണ്ട് ദിവസങ്ങളില്‍ സീലൈന്‍ ബീച്ച് മലിനമായി കിടക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പെരുന്നാളാഘോഷിക്കാനായി അവധി ദിവസങ്ങളില്‍ നിരവധി തൊഴിലാളികളാണ് ബീച്ചിലെത്തിയിരുന്നത്. ബീച്ചില്‍ തന്നെ തങ്ങുകയും കരിയും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും ഭക്ഷ്യാവശിഷ്ടങ്ങളും ബീച്ചിലുടനീളം ചിതറിക്കിടക്കുന്ന കാഴ്ചകളാണ് മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് മന്ത്രലയത്തിന്റെ മുന്നറിയിപ്പ്.

അവശിഷ്ടങ്ങളും മാലിന്യങ്ങളും നിക്ഷേപിക്കാനായി 60ലധികം ചെറിയ കണ്ടെയ്‌നറുകളും 15 വലിയ കണ്ടെയ്‌നറുകളും സ്ഥാപിച്ചിരുന്നിട്ടും ബീച്ചും പരിസരവും കൂടുതല്‍ മലിനമായിരിക്കുകയാണെന്നും കടുത്ത അശ്രദ്ധയാണ് ഇതിന് കാരണമെന്നും പൊതുശുചിത്വ വകുപ്പ് അണ്ടര്‍സെക്രട്ടറി സഫര്‍ മുബാറക് അല്‍ ശാഫി പറഞ്ഞു. ബീച്ചിലെത്തുന്ന തൊഴിലാളികള്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കുന്നതില്‍ കമ്പനികള്‍ വീഴ്ച വരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

പൊതുശുചിത്വ നിയമം ലംഘിക്കുന്നവര്‍ കടുത്ത നിയമ നടപടികള്‍ക്ക് വിധേയമാകേണ്ടി വരുമെന്നും, കമ്പനികളായാലും വ്യക്തികളായാലും നിയമത്തിന്റെ പരിധിയില്‍ നിന്നും പുറത്ത് പോകില്ലെന്നും അല്‍ ശാഫി മുന്നറിയിപ്പ് നല്‍കി. 100 റിയാല്‍ മുതല്‍ 5000 റിയാല്‍ വരെ പിഴയും ഒരു വര്‍ഷം തടവുമാണ് നിയമലംഘകര്‍ക്ക് നിയമം അനുശാസിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x