Currency

ഖത്തറിലെ ആദ്യ ബാങ്ക് ലയനം ഉടന്‍

സ്വന്തം ലേഖകന്‍Tuesday, June 11, 2019 12:32 pm

ദോഹ: ഖത്തറിലെ ആദ്യത്തെ ബാങ്ക് ലയന നടപടികള്‍ ഉടന്‍ പൂര്‍ത്തിയാകും. ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തര്‍ ബര്‍വ ബാങ്കില്‍ ലയിച്ചാണ് ഒറ്റ സ്ഥാപനമായി മാറുന്നത്. ഖത്തറിലെ ഇന്റര്‍നാഷണല്‍ ബാങ്ക് ഓഫ് ഖത്തറും ബര്‍വ ബാങ്കില്‍ ലയിച്ച് പുതിയ ബാങ്കായി തുടങ്ങുന്നതിനുള്ള നിയമനടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 21 ന് പൂര്‍ത്തിയായിരുന്നു. ഇതിന്റെ സാങ്കേതിക നടപടിക്രമങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ജി.സി.സിയിലെ ഏറ്റവും വലിയ ഇസ്‌ലാമിക ബാങ്ക് എന്ന പദവി ബര്‍വ ബാങ്കിന് ലഭിക്കുമെന്നാണ് വിലയിരുത്തല്‍. പുതിയ ബര്‍വ ബാങ്കിന്റെ ആസ്തി എണ്‍പത് ബില്യണ്‍ റിയാലിലധികം വരും.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്, അതോറിറ്റി സാമ്പത്തിക വാണിജ്യമന്ത്രാലയം എന്നിവയുടെ അനുമതിയോടെയാണ് ലയനം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ 2012ലെ പതിമൂന്നാം നമ്പര്‍ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇരുബാങ്കുകളും ലയിക്കുന്നത്. ഇസ്ലാമിക നിയമപ്രകാരമായിരിക്കും ബാങ്കിന്റെ പ്രവര്‍ത്തനമെന്നതിനാല്‍ ഖത്തറിലെ മൂന്നാമത്തെ വലിയ ഇസ്ലാമിക ബാങ്കും ജിസിസി തലത്തില്‍ ഒമ്പതാമത്തെ വലുതുമാകും ബര്‍വ.

ഖത്തറിലെ പ്രാദേശിക ബാങ്കിങ് മേഖലയ്ക്ക് ലയനം വലിയ ഉണര്‍വേകുമെന്നാണ് വിലയിരുത്തല്‍. ഓഹരി ഉടകള്‍ക്കും ബാങ്ക് ഉപഭോക്താക്കള്‍ക്കും നേട്ടമാകുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ റീട്ടെയില്‍, മൂലധന വിപണി തുടങ്ങിയ മേഖലകള്‍ കരുത്താര്‍ജ്ജിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x