Currency

ഒമാനില്‍ തൊഴില്‍ വിസ അടക്കം സ്‌പോണ്‍സേഡ് വിസകള്‍ക്ക് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം

സ്വന്തം ലേഖകന്‍Sunday, June 23, 2019 12:01 pm

മസ്‌കത്ത്: ഒമാനില്‍ തൊഴില്‍ വിസ അടക്കം സ്‌പോണ്‍സേഡ് വിസകള്‍ക്ക് ഇനി ഓണ്‍ലൈനായി അപേക്ഷിക്കാം. ഹൗസ് മെയ്ഡ്, കുടുംബ വിസ, ഇന്‍വെസ്റ്റര്‍ വിസ എന്നിവയും ഓണ്‍ലൈനായി അപേക്ഷിക്കാം. ഇലക്ട്രോണിക് ഓതന്റിക്കേഷന്‍ സംവിധാനമായ പി.കെ.ഐ അടിസ്ഥാനമാക്കിയാകും ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുക. വിസ നടപടികള്‍ എളുപ്പമാക്കാന്‍ പദ്ധതി സഹായകമാവുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ സ്‌പോണ്‍സറില്ലാത്ത ടൂറിസ്റ്റ് വിസ, സ്‌പോണ്‍സറുള്ള ടൂറിസ്റ്റ് വിസ, ജി.സി.സി രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കുള്ള ടൂറിസ്റ്റ് വിസ എന്നിവയായിരുന്നു ഓണ്‍ലൈന്‍ സംവിധാനത്തിലുണ്ടായിരുന്നത്. മാനവ വിഭവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട കൂടുതല്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാകും. ഇത്തരം അപേക്ഷകള്‍ക്ക് സനദ് സെന്ററുകളെ സമീപിക്കേണ്ട ആവശ്യം ഇനിയുണ്ടാകില്ല.

തിരിച്ചറിയല്‍ കാര്‍ഡ് വഴിയോ പി.കെ.ഐ ആക്ടിേവറ്റ് ചെയ്ത സിം കാര്‍ഡ് ഉപയോഗിച്ചോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. റോയല്‍ ഒമാന്‍ പൊലീസ്, ആരോഗ്യ മന്ത്രാലയം എന്നിവയുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാനും മാനവ വിഭവശേഷി മന്ത്രാലയം വെബ്‌സൈറ്റിന് സാധിക്കും. സനദ് സര്‍വിസുകള്‍ വിദേശികള്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും റസിഡന്റ് കാര്‍ഡ് സേവനങ്ങളും തുടര്‍ന്നും നല്‍കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x