
ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അപേക്ഷയോടൊപ്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കൂടിയുണ്ട്. പാസ്പോര്‍ട്ടിനായി അപേക്ഷിക്കുന്നതിന്, ഒരു വ്യക്തി ആദ്യമായി സന്ദര്‍ശിക്കേണ്ടത് അടുത്തുള്ള പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിലാണ്. അല്ലെങ്കില്‍ പാസ്പോര്‍ട്ട് സേവാ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഓരോ വ്യക്തിയുടെയും അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍ ചില വ്യവസ്ഥകള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ഇവ എന്തൊക്കെയെന്ന് പരിശോധിക്കാം.
ജനനത്തീയതിയുടെ തെളിവുകള്‍: പാസ്പോര്‍ട്ട് സേവ കേന്ദ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം ജനനത്തീയതി തെളിയിക്കുന്നതിനായി ഉപയോഗിക്കാവുന്ന സര്‍ട്ടിഫിക്കറ്റുകള്‍ താഴെ പറയുന്നവയാണ്.
മുനിസിപ്പല്‍ കോര്പ്പറേഷന് അല്ലെങ്കില്‍ മറ്റേതെങ്കിലും നിര്‍ദ്ദിഷ്ട അതോറിറ്റി നല്കുന്ന ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/ ഇ-ആധാര്‍ കാര്‍ഡ്, ഇലക്ഷന് കമ്മീഷന് ഇഷ്യു ചെയ്ത ഇലക്ഷന് ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, എസ്എസ്എല്‍എസി സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, പാസ്പോര്‍ട്ടിനായി അപേക്ഷിക്കാന്‍ മേല്‍പ്പറഞ്ഞ രേഖകളൊന്നും ഇല്ലാത്ത വ്യക്തികള്‍ക്ക് ജനനത്തീയതി ഉള്ള പബ്ലിക് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനുകള്‍/ കമ്പനികള്‍ നല്കുന്ന പോളിസികളുടെ അംഗീകൃത രേഖകള്‍ ഉപയോഗിക്കാന്‍ കഴിയും. അനാഥാലയങ്ങളില്‍ നിന്നുള്ള അപേക്ഷകന്റെ ജനനത്തീയതി തെളിയിക്കുന്നതിന് അനാഥാലയം/ ശിശു പരിപാലന കേന്ദ്രം മേധാവികളുടെ ഒദ്യോഗിക ലെറ്റര്‍ ഹെഡില്‍ നല്കുന്ന രേഖ മാത്രം മതി.
ആധാര്‍ നിര്‍ബന്ധം: ഓണ്‍ലൈന്‍ പാസ്പോര്‍ട്ട് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് ആധാര്‍ കാര്‍ഡ് നിങ്ങളുടെ കൈവശമുണ്ടായിരിക്കണം. ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചാല്‍ മൂന്ന് ദിവസത്തിനകം അപ്പോയ്ന്റ്മെന്റ് ലഭിക്കും. അടുത്ത ഏഴ് ദിവസത്തിനകം അപേക്ഷകന് നല്‍കിയിട്ടുള്ള വിലാസത്തില്‍ പാസ്പോര്‍ട്ട് ലഭിക്കും.
അപേക്ഷാ ഫീസ്: ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം നിര്‍ദ്ദിഷ്ട ഫീസും ഇ-പേമെന്റായി അടയ്ക്കാവുന്നതാണ്. 36 പേജുള്ള പാസ്പോര്‍ട്ടിന് 1500 രൂപയും 60 പേജുള്ള പാസ്പോര്‍ട്ടിന് 2000 രൂപയുമാണ് ഫീസ്. ഇനി ഒരു ദിവസംകൊണ്ട് ലഭ്യമാകുന്ന തത്കാല്‍ പാസ്പോര്‍ട്ട് ആണ് വേണ്ടതെങ്കില്‍ ചെലവ് കൂടും. 36 പേജുള്ള തത്കാല്‍ പാസ്പോര്‍ട്ടിന് 3500 രൂപയും 60 പേജുള്ള തത്കാല്‍ പാസ്പോര്‍ട്ടിന് 4000 രൂപയുമാണ് ഫീസ്. എന്നാല്‍ തത്കാല്‍ പാസ്പോര്‍ട്ട് വെറും ഒരു ദിവസം കൊണ്ട് ലഭിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.