Currency

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

സ്വന്തം ലേഖകന്‍Friday, June 28, 2019 5:43 pm

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ നവീകരിച്ച വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. ഖത്തറിലേക്ക് തൊഴില്‍ തേടിയെത്തുന്ന ഉദ്യോഗാര്‍ത്ഥികളെ സഹായിക്കുന്നതിനായുള്ള പുതിയ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാകുമെന്ന് ഐ.സി.സി നേതൃത്വം അറിയിച്ചു.

പ്രവാസികള്‍ക്കുള്ള സേവനങ്ങളും സഹായങ്ങളും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ വെബ്‌സൈറ്റ് നവീകരിച്ചത്. ദോഹയിലെ ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ പി കുമരന്‍ പുതുക്കിയ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു. ഐ.സി.സി ലഭ്യമാക്കുന്ന വിവിധ കോണ്‍സുലാര്‍ സേവനങ്ങള്‍, കലാസാംസ്‌കാരിക പരിപാടികള്‍ എന്നിവയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടാതെ ഖത്തറില്‍ ജോലി തേടിയെത്തുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായുള്ള പുതിയ തൊഴില്‍ പോര്‍ട്ടലും ഈ വെബ്‌സൈറ്റില്‍ തന്നെ ഉടന്‍ ആരംഭിക്കും. ഉദ്യോഗാര്‍ത്ഥികളുടെ ബയോഡാറ്റ പോര്‍ട്ടലില്‍ നേരിട്ട് അപ്ലോഡ് ചെയ്യാനുള്ള സൗകര്യമാണ് പോര്‍ട്ടലിന്റെ പ്രത്യേകത. തൊഴിലുടമകള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് യോഗ്യരും അനുയോജ്യരുമായ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കാം.

ഖത്തറിലെത്തുന്ന തൊഴിലന്വേഷകര്‍ക്ക് അവരുടെ വിസ നമ്പര്‍ ഉപയോഗിച്ചാണ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനാവുക. രണ്ടാഴ്ച്ചക്കകം പോര്‍ട്ടല്‍ പ്രവര്‍ത്തന സജ്ജമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x