Currency

വിമാനയാത്രയില്‍ പുതിയ ചരിത്രം; ഭൂമിയെ ചുറ്റി ചരിത്രം സൃഷ്ടിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

സ്വന്തം ലേഖകന്‍Saturday, July 13, 2019 12:12 pm

ദോഹ: വിമാനയാത്രയില്‍ പുതിയ ചരിത്രം തീര്‍ത്ത് ഖത്തര്‍ എയര്‍വേയ്‌സിന്റെ ജറ്റ് ഡിവിഷനായ ഖത്തര്‍ എക്‌സിക്യൂട്ടീവ്. അപ്പോളോ 11 ചന്ദ്രനിലിറങ്ങിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ഖത്തര്‍ എക്‌സിക്യൂട്ടീവ് പുതിയ ചരിത്രമെഴുതിയത്.

ജൂലൈ ഒമ്പതിന് രാവിലെ 9.32ന് നാസയിലെ കേപ് കനാവെറലില്‍ നിന്നും യാത്ര തിരിച്ച ഖത്തര്‍ എക്‌സിക്യൂട്ടീവ് ഗള്‍ഫ് സ്ട്രീം ജി650 ഇആര്‍ വിമാനം ജൂലൈ 11ന് കെന്നഡി സ്‌പേസ് സെന്ററില്‍ തിരികെ ഇറങ്ങിയത് പുതിയ റെക്കോര്‍ഡുമായാണ്. വെറും 46 മണിക്കൂറും 40 മിനുട്ടും കൊണ്ടാണ് വിമാനം ഭൂമിയെ ചുറ്റിയത്. ജേക്കബ് ഒബെ ബെച്ച്, ജെറമി അസ്‌കഫ്, യെവ്‌ഗെന്‍ വസ്ലിങ്കോ എന്നീ പൈലറ്റുമാരും ബെഞ്ചമിന്‍ റിഗര്‍ എന്ന എഞ്ചിനിയറും മഗ്ഡലിന സ്‌ട്രോവിക് എന്ന ഫൈറ്റ് അറ്റന്റും ചേര്‍ന്ന സംഘമാണ് ഖത്തര്‍ എക്‌സിക്യൂട്ടീവിലുണ്ടായിരുന്നത്.

വണ്‍മോര്‍ ഓര്‍ബിറ്റുമായി സഹകരിച്ചാണ് ഖത്തര്‍ എക്‌സിക്യൂട്ടീവ് പദ്ധതി പൂര്‍ത്തിയാക്കിയത്. നാസയില്‍ നിന്നും അസ്താന, അസ്താനയില്‍ നിന്ന് മൗറിഷ്യസ്, മൗറീഷ്യസില്‍ നിന്ന് ചിലി, ചിലിയില്‍ നിന്ന് തിരികെ നാസ എന്ന രീതിയിലായിരുന്നു യാത്ര.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x