
ഒമാന്‍: വിസാ വിലക്കിന്റെയും കര്‍ശനമായ സ്വദേശിവത്കരണ നയങ്ങളുടെയും ഫലമായി ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ കുറവ്. ഒരു വര്‍ഷത്തിനിടെ അറുപതിനായിരത്തിലേറെ വിദേശികളുടെ കുറവുണ്ടായെന്നാണ് കണക്കുകള്‍. മലയാളികളടക്കം വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന തസ്തികകളില്‍ കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിസാ വിലക്കാണ് ഒമാനിലേക്കുള്ള വിദേശികളുടെ വരവിനെ കാര്യമായി ബാധിച്ചത്.
2018 മെയ് മുതല്‍ 2019 മെയ് വരെ ഒരു വര്‍ഷത്തിനുള്ളില്‍ ഒമാനിലെ വിദേശികളുടെ എണ്ണത്തില്‍ 65,397 പേരുടെ കുറവാണ് ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ കണക്കുകള്‍ പറയുന്നു. നിര്‍മാണ മേഖലയില്‍ നിന്നാണ് വിദേശ തൊഴിലാളികള്‍ ഏറ്റവുമധികം കൊഴിഞ്ഞു പോയത്. ഫൈനാന്‍ഷ്യല്‍, ഇന്‍ഷൂറന്‍സ്, മൈനിങ് തുടങ്ങിയ മേഖലകളിലും വിദേശ തൊഴിലാളികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. ഒമാനികള്‍ ഏറ്റവുമധികം ജോലിയില്‍ കയറിയത് മാനുഫാക്ചറിങ്, ഫുഡ് സര്‍വിസ്, ട്രാന്‍സ്പോര്‍ട്ട് മേഖലകളിലാണെന്നും ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റൈ റിപ്പോര്‍ട്ട് പറയുന്നു. അഡ്മിനിസ്ട്രേറ്റീവ് ജോലികള്‍, റിയല്‍ എസ്റ്റേറ്റ്, ഹെല്‍ത്ത്, സോഷ്യല്‍ വര്‍ക്ക് തുടങ്ങിയ മേഖലകളിലും സ്വദേശി തൊഴിലാളികളുടെ കൂടുതലായുള്ള സാന്നിധ്യമുണ്ട്.
സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ 25000 തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്ന പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായാണ് 87 തസ്തികകളില്‍ താല്‍ക്കാലിക വിസാ വിലക്ക് ഏര്‍പ്പെടുത്തിയത്. ഏപ്രിലോടെ ഈ ലക്ഷ്യം കൈവരിച്ചെങ്കിലും വിസാ വിലക്ക് വീണ്ടും തുടരുകയായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.