Currency

വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി പുതിയ പദ്ധതികളുമായി ഖത്തര്‍

സ്വന്തം ലേഖകന്‍Saturday, July 20, 2019 1:40 pm

ദോഹ: വിദേശ തൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനായി ഖത്തര്‍ ആഭ്യന്തര വകുപ്പ് പുതിയ പദ്ധതിക്ക് രൂപം നല്‍കി. ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന പദ്ധതി വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസി തൊഴിലാളികളുടെ സാമൂഹിക വളര്‍ച്ചയ്‌ക്കൊപ്പം തൊഴില്‍ സുരക്ഷയും ഉറപ്പുവരുത്തുന്നു. ബെദാര്‍ കമ്മ്യൂണിറ്റി ഇനീഷ്യേറ്റീവ് എന്ന പദ്ധതി ഖത്തറിന്റെ വടക്കന്‍ മേഖലയിലെ തൊഴിലാളികള്‍ക്കായാണ് നടപ്പാക്കുന്നത്.

വിവിധ വിഷയങ്ങളിലുള്ള പ്രത്യേക ക്ലാസുകള്‍, പരിശീലനങ്ങള്‍, വര്‍ക് ഷോപ്പുകള്‍ തുടങ്ങിയവയാണ് ബെദാറിന്റെ ഭാഗമായി നടക്കുക. തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ചും ബാധ്യതകളെ കുറിച്ചും അവരെ ബോധവാന്മാരാക്കും. തൊഴിലാളികളുടെ കലാസാംസ്‌കാരിക മേഖലകളിലെ കഴിവുകളും ആവിഷ്‌കാരങ്ങളും പരിപോഷിപ്പിക്കാനുള്ള വേദികളുമുണ്ടാകും.

തുടര്‍ച്ചയായ ശില്‍പ്പശാലകളിലൂടെയും ക്ലാസുകളിലൂടെയും തൊഴിലാളികളുടെ സാമൂഹിക പ്രതിബദ്ധതയും മാനസിക വളര്‍ച്ചയും ഉയര്‍ത്തും. കൂടാതെ തൊഴിലിടങ്ങളിലെയും താമസയിടങ്ങളിലെയും സുരക്ഷ, ആരോഗ്യ പരിചരണം എന്നീ കാര്യങ്ങളിലും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

വിവിധ കമ്പനികളിലെയും റസിഡന്‍ഷ്യല്‍ കോംപ്ലക്‌സുകളിലെയും തെരഞ്ഞെടുത്ത ജീവനക്കാര്‍, വിവിധ സമൂഹങ്ങളിലെ പ്രൊഫഷണല്‍ ട്രൈനര്‍മാര്‍, പ്രഭാഷകര്‍ എന്നിവരെ തെരഞ്ഞെടുത്ത് വിദഗ്ദ്ധ പരിശീലനം നല്‍കി ബെദാര്‍ പദ്ധതിയുടെ അംബാസിഡര്‍മാരാക്കും. ഈ അംബാസിഡര്‍മാരാണ് അതത് തൊഴിലിടങ്ങളിലെ തൊഴിലാളികള്‍ക്കായി വിവിധ പരിപാടികള്‍ നടത്തുക. ഇംഗ്ലീഷിനൊപ്പം വിവിധ ഏഷ്യന്‍ ഭാഷകളിലും ക്ലാസുകളും പരിശീലനവും ലഭ്യമാക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x