
ദോഹ: ഖത്തറില്‍ കാല്‍നടയാത്രക്കാര്‍ക്കുള്ള റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ മുന്നോടിയായുള്ള ട്രാഫിക് വകുപ്പിന്റെ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. ആഗസ്റ്റ് ഒന്ന് മുതലാണ് രാജ്യത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ള പുതിയ പിഴശിക്ഷാ നടപടികള്‍ നിലവില്‍ വരുന്നത്.
കോര്‍ണിഷ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് അധികൃതര്‍ പ്രത്യേക നിര്‍ദേശങ്ങളും അറിയിപ്പുകളും നല്‍കിത്തുടങ്ങി. ഹൈവേകളിലെ ഇന്റര്‍സെക്ഷനുകള്‍ നിയമപരമായി എങ്ങനെ മുറിച്ചുകടക്കണമെന്ന കാര്യത്തിലാണ് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. ഒപ്പം വിദേശി തൊഴിലാളികള്‍ക്ക് റോഡ് മുറിച്ചുകടക്കുമ്പോള്‍ ധരിക്കേണ്ട പ്രത്യേക ജാക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
വാഹനമോടിക്കുന്നവര്‍ക്ക് ദൂരെ നിന്ന് തന്നെ കാണാന്‍ സാധിക്കുന്ന തരത്തിലുള്ളതാണ് ഈ പ്രത്യേക ജാക്കറ്റുകള്‍. ആദ്യഘട്ടത്തില്‍ വിദേശി തൊഴിലാളികള്‍ക്കിടയിലാണ് ബോധവല്‍ക്കരണം നടത്തുന്നത്. രാജ്യത്ത് സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ക്കിടയിലും ബോധവല്‍ക്കരണം നടത്തും. അപകടരഹിത വേനല്‍ക്കാലം പദ്ധതിയുടെ ഭാഗമായാണ് ബോധവല്‍ക്കരണ പരിപാടികള്‍. ഇന്റര്‍സെക്ഷനുകളില്‍ സിഗ്നല്‍ തെളിയുന്നതിന് മുമ്പെ റോഡ് മുറിച്ച് കടക്കുന്നത് കണ്ടെത്തിയാല്‍ ഇനി മുതല്‍ 500 റിയാല്‍ പിഴ ഈടാക്കും.
സൈനിക പരേഡ് പോലെയുള്ള ഘട്ടത്തില്‍ ട്രാഫിക് ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരും ഇതേ പിഴ ഒടുക്കേണ്ടി വരും. സീബ്രാലൈനിലൂടെയല്ലാതെ റോഡുകള്‍ മുറിച്ചുകടക്കുന്നവര്‍ക്ക് 200 റിയാലാണ് പിഴ. റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുന്നത് പിടിക്കപ്പെട്ടാല്‍ നൂറ് റിയാലും പിഴ ഒടുക്കേണ്ടി വരും. രാജ്യത്തെ റോഡപകടങ്ങളില്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്യുന്നവരില്‍ കാല്‍നടയാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം നിയമങ്ങള്‍ കര്‍ശനമാക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.