Currency

കര്‍വ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ 40% വര്‍ധന

സ്വന്തം ലേഖകന്‍Sunday, August 25, 2019 12:47 pm

ദോഹ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളില്‍ ഒന്നായ കര്‍വ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ 40% വര്‍ധനയെന്ന് ഗതാഗത മന്ത്രാലയം. 2015 മുതല്‍ 2018 അവസാനം വരെയുള്ള കണക്കാണിത്. പൊതുഗതാഗത കമ്പനിയായ മൗസലാത്തിന്റേതാണ് കര്‍വ ബസുകള്‍. അല്‍ഖോര്‍, പേള്‍ ഖത്തര്‍, വെസ്റ്റ് ബേ, മത്തര്‍ ഖദീം, വ്യവസായിക മേഖല എന്നിവിടങ്ങളുമായി ബന്ധപ്പെടുത്തി ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 24 മണിക്കൂര്‍ ബസ് സര്‍വിസുകള്‍ കൂടുതല്‍ ഫലപ്രദമായി.

വിമാനത്താവള സര്‍വിസുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം 90 ശതമാനമാണ് വര്‍ധന. റൂട്ട് ജനകീയമായതോടെ മൊത്തം യാത്രക്കാരുടെ എണ്ണം 10 ലക്ഷം കവിഞ്ഞതായും ഗതാഗത മന്ത്രാലയം വ്യക്തമാക്കി. മൊബൈല്‍ ആപ്ലിക്കേഷന്‍ എത്തിയതും യാത്രാ കാര്‍ഡിന്റെ ലഭ്യതയും റീചാര്‍ജ് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും യാത്രക്കാര്‍ക്ക് അനുഗ്രഹമായി. ബസ് റൂട്ടുകള്‍, ഓരോ സ്റ്റോപ്പുകളിലും എത്തുന്ന സമയം തുടങ്ങി സര്‍വീസ് സംബന്ധിച്ച എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്നതാണ് ആപ്പ്.

അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാഗമായി അല്‍ ഖ്വാസര്‍, അല്‍ വക്ര, ലുസൈല്‍ സിറ്റി, എജ്യൂക്കേഷന്‍ സിറ്റി എന്നിവിടങ്ങളിലായി 4 പുതിയ ബസ് കേന്ദ്രങ്ങള്‍ കൂടി തുറക്കും. അല്‍ സുഡാന്‍, ലുസൈല്‍ സിറ്റി, വ്യവസായിക മേഖല, മിഷെറിബ്, ഗരാഫ എന്നിവിടങ്ങളിലായി 5 പുതിയ ബസ് സ്റ്റോപ്പുകള്‍ തുടങ്ങും.

ദോഹ മെട്രോ സ്റ്റേഷനുകളുമായി ബന്ധിപ്പിച്ച് 25 റൂട്ടുകള്‍ കൂടി തുടങ്ങും. ദോഹ മെട്രോയുടെ ഗോള്‍ഡ്, ഗ്രീന്‍ ലൈനുകള്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെയാകും പുതിയ റൂട്ടുകള്‍ തുടങ്ങുക. ഗ്രീന്‍ ലൈനിനായി പത്തും ഗോള്‍ഡിനായി 15 റൂട്ടുകളുമാണ് ആരംഭിക്കുക. നിലവില്‍ ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയ റെഡ്ലൈനിനായി കര്‍വയുടെ മെട്രോ ലിങ്ക് ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x