Currency

ഖത്തറില്‍ പുറം തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം അവസാനിച്ചു

സ്വന്തം ലേഖകന്‍Sunday, September 1, 2019 6:20 pm

ദോഹ: ഖത്തറില്‍ പുറം തൊഴിലാളികള്‍ക്ക് അനുവദിച്ച വേനല്‍കാല ഉച്ചവിശ്രമ നിയമം അവസാനിച്ചു. താപനില വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 15 മുതല്‍ ആഗസ്റ്റ് 31 വരെയാണ് തൊഴില്‍ മന്ത്രാലയം നിയമം നടപ്പിലാക്കിയിരുന്നത്. രാവിലെ 11.30 മുതല്‍ വൈകീട്ട് മൂന്ന് മണിവരെ തൊഴിലാളികള്‍ക്ക് വിശ്രമം അനുവദിക്കണമെന്നായിരുന്നു കമ്പനികള്‍ക്കും തൊഴിലുടമകള്‍ക്കും നല്‍കിയ മുന്നറിയിപ്പ്.

നിയമം നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം തൊഴില്‍ കേന്ദ്രങ്ങളിലും മറ്റും പരിശോധനകളും നടത്തിയിരുന്നു. നിയമം ലംഘിച്ചതായി കണ്ടെത്തിയ ചില സ്ഥാപനങ്ങളെ പിടികൂടുകയും ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. വേനല്‍ കാലത്ത് തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനുള്ള നിയമം 2007 മുതലാണ് ഖത്തറില്‍ പ്രാബല്യത്തില്‍ വന്നത്.

ഖത്തറിലെ കാലാവസ്ഥാ സാഹചര്യമനുസരിച്ച് ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന സമയമാണ് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങള്‍. സെപ്തംബര്‍ മുതല്‍ താപനില പതുക്കെ കുറയാന്‍ തുടങ്ങും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x