
ഒമാന്: വിദേശികളോട് ഏറ്റവുമധികം സൗഹൃദാന്തരീക്ഷം പുലര്‍ത്തുന്ന രാഷ്ട്രം ഒമാനെന്ന് സര്‍വേ. വിദേശത്തെ ജീവിതം സംബന്ധിച്ച ലോകത്തിലെ ഏറ്റവും വലുതും സമഗ്രവുമായ എക്‌സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേയിലാണ് ഒമാന് ഈ അംഗീകാരം ലഭിച്ചത്. സേഫ്റ്റി- സെക്യൂരിറ്റി ഉപ വിഭാഗത്തിലും ഒമാന്‍ തന്നെയാണ് ആഗോള തലത്തില്‍ ഒന്നാം സ്ഥാനം. മ്യൂനിച്ച് കേന്ദ്രമായ ഇന്റര്‍നേഷന്‍സ് 187 രാഷ്ട്രങ്ങളില്‍ താമസിക്കുന്ന 182 രാജ്യങ്ങളില്‍ നിന്നുള്ള 20259 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്.
വിദേശികള്‍ കൂടുതലായി ജോലി ചെയ്യുന്ന 64 രാജ്യങ്ങളിലെ വിദേശികളുടെ ജീവിതവുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. സ്വദേശികള്‍ക്ക് വിദേശികളോട് പൊതുവെ സ്വാഗത മനോഭാവമാണ് ഉള്ളതെന്ന് 87 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. മുഴുവന്‍ വിഭാഗങ്ങളും കണക്കിലെടുക്കുമ്പോള്‍ ഒമാന് ആഗോള തലത്തില്‍ 32ാം സ്ഥാനമാണ് ഉള്ളത്.
വിദേശത്ത് താമസമുറപ്പിക്കുന്നതിന്റെ എളുപ്പം ഉപ വിഭാഗത്തില്‍ ഒമാന് ആഗോള തലത്തില്‍ ആറാം സ്ഥാനമാണ് ഉള്ളത്. അതേ സമയം ജീവിത നിലവാരത്തില്‍ 64 രാഷ്ട്രങ്ങളില്‍ ഒമാന് 35ാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ബഹറൈന്‍ ഏഴാം സ്ഥാനത്തും, ഖത്തര്‍ 18ാം സ്ഥാനത്തും യു.എ.ഇ 40ാം സ്ഥാനത്തുമാണ് ഉള്ളത്. കുവൈത്ത് ഏറ്റവും അവസാന സ്ഥാനമായ 64ലാണ്. ഇന്ത്യക്ക് പട്ടികയില്‍ 59ാം സ്ഥാനമാണ് ഉള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.