
മസ്‌കത്ത്: ഒമാനിലെ ആശുപത്രികളില്‍ യാത്രക്കാര്‍ക്കുള്ള ചികിത്സാസൗകര്യം ലഭ്യമാക്കുന്ന സേവനം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനില്‍നിന്ന് പോകുന്നതും വരുന്നതുമായവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും ചികിത്സാ സേവനങ്ങളും ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഒമാന്‍ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി പറഞ്ഞു. ഒമാനില്‍ ഇല്ലാത്ത രോഗങ്ങളും പകര്‍ച്ചവ്യാധികളും പല രാജ്യങ്ങളിലുമുണ്ട്. പ്രതിരോധ നടപടികള്‍ എടുക്കാത്ത പക്ഷം ഈ രോഗങ്ങള്‍ യാത്രക്കാര്‍ക്ക് പിടികൂടും.
ഒമാനിലേക്ക് തിരികെയെത്തുന്നവരും ആരോഗ്യ പരിരക്ഷയെ അലക്ഷ്യമായി കാണരുത്. രോഗ ലക്ഷണങ്ങളെക്കുറിച്ച് അവര്‍ ബോധവാന്മാരായിരിക്കുകയും ആശുപത്രികളില്‍ പരിശോധനക്ക് പോവുകയും വേണം. മലേറിയ അടക്കം ഗുരുതര രോഗബാധകള്‍ വിദേശത്തുനിന്ന് എത്തുന്നവര്‍ വഴി ഒമാനിലുള്ളവര്‍ക്ക് ബാധിക്കുന്ന അവസ്ഥയുണ്ട്. ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്ത ഡെങ്കിപ്പനിയും വിദേശത്തുനിന്ന് എത്തിയവരില്‍നിന്നാണ് ഒമാനിലുള്ളവര്‍ക്ക് ബാധിച്ചതെന്നാണ് കരുതുന്നത്. ഈ രോഗബാധകളെല്ലാം നിയന്ത്രണ വിധേയമാക്കിയതായും മന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളിലേക്ക് പോകുന്ന സ്വദേശികളും വിദേശികളും ആശുപത്രികളില്‍ ലഭ്യമായ സൗകര്യം ഉപയോഗിക്കണമെന്ന് മന്ത്രി ഓര്‍മിപ്പിച്ചു. വാക്‌സിനേഷനും മരുന്നുകള്‍ക്കും ഒപ്പം ബോധവത്കരണവും ലഭ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.