Currency

ദോഹ മെട്രോ വെള്ളിയും ശനിയും സര്‍വീസ് ആരംഭിക്കുന്നു

സ്വന്തം ലേഖകന്‍Wednesday, September 25, 2019 12:27 pm

ദോഹ: ദോഹ മെട്രോ സര്‍വിസ് ഇനി എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും. നിലവില്‍ ദോഹ മെട്രോ ഈ ദിവസങ്ങളില്‍ ഓടുന്നില്ല. അടുത്ത വെള്ളിയാഴ്ച (സെപ്റ്റംബര്‍ 27) മുതലാണ് മെട്രോയുടെ ആഴ്ച അവധിദിനങ്ങളിലെ സര്‍വിസ് തുടങ്ങുന്നത്. സെപ്റ്റംബര്‍ 27ന് ഉച്ചക്ക് രണ്ട് മുതല്‍ പുലര്‍ച്ച മൂന്നുവരെയാണ് പൊതുജനങ്ങള്‍ക്ക് മെട്രോ ഉപയോഗിക്കാന്‍ കഴിയുക. ഖലീഫ സ്‌റ്റേഡിയത്തില്‍ നടക്കാന്‍ പോകുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ് കാണാന്‍ പോകുന്നവര്‍ക്ക് ഉപകാരപ്രദമാകുന്നതിനാണ് പുതിയ മാറ്റം. അതുകഴിഞ്ഞുള്ള ദിവസങ്ങളില്‍ മെട്രോയുടെ സര്‍വിസ് ഇപ്രകാരമായിരിക്കും.

വെള്ളിയാഴ്ചകളില്‍ ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 11വരെ. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ ആറ് മുതല്‍ രാത്രി 11 വരെ. മെട്രോ ലിങ്ക് സര്‍വിസുകളും മെട്രോ എക്‌സ്പ്രസ് സര്‍വിസുകളും വെള്ളി, ശനി ദിവസങ്ങളില്‍ ലഭ്യമാണ്. ദോഹ മെട്രോയുടെ റെഡ്‌ലൈന്‍ ആണ് നിലവില്‍ സര്‍വിസ് നടത്തിക്കൊണ്ടിരിക്കുന്നത്. ആകെയുള്ള 18 സ്‌റ്റേഷനുകളില്‍ 13 സ്‌റ്റേഷനുകള്‍ ഈ ലൈനില്‍ ഉള്‍പ്പെടുന്നുണ്ട്.

അല്‍ഖസര്‍, എക്‌സിബിഷന്‍ സെന്റര്‍, വെസ്റ്റ്‌ബേ ക്യു.ഐ.സി, കോര്‍ണിഷ്, അല്‍ബദാ (എക്‌സ്‌ചേഞ്ച് സ്‌റ്റേഷന്‍), മുശൈരിബ് (എക്‌സ്‌ചേഞ്ച് സ്‌റ്റേഷന്‍), ദോഹ അല്‍ ജദീദ്, ഉം ഗുവൈലിന, ഓള്‍ഡ് എയര്‍പോര്‍ട്ട്, ഉഖ്ബാ ഇബ്ന്‍ നാഫി, ഫ്രീ സോണ്‍, റാസ് അബു ഫൊണ്ടാസ്, അല്‍ വഖ്‌റ എന്നിവയാണ് റെഡ്‌ലൈനിലെ സ്‌റ്റേഷനുകള്‍. മെട്രോ സ്‌റ്റേഷനുകളില്‍നിന്നും തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്കും തിരിച്ചും മെട്രോലിങ്ക് ഫീഡര്‍ ബസുകള്‍ സൗജന്യമായി സര്‍വിസ് നടത്തുന്നുണ്ട്.

നിലവില്‍ റെഡ്‌ലൈന്‍ സ്‌റ്റേഷനുകളുടെ സമീപസ്ഥലങ്ങളിലായി 24 മെട്രോ ലിങ്ക് റൂട്ടുകളില്‍ ഫീഡര്‍ ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതില്‍ അഞ്ചു റൂട്ടുകള്‍ വഖ്‌റ സ്‌റ്റേഷനെ ബന്ധപ്പെടുത്തിയാണ്. പൊതുഅവധി ദിവസങ്ങളായ വെള്ളിയും ശനിയും കൂടി ദോഹ മെട്രോ സര്‍വിസ് തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x