
ദോഹ: വെസ്റ്റ് ബേ (ഒനൈസ) ഭാഗത്തെ അല്‍ അബ്‌റജ് പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവത്കരണ ചുമതലയുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയുടെ പദ്ധതിയാണ് അല്‍അബ്‌റജ് പാര്‍ക്ക്. മനോഹരമായ രൂപമാണ് പാര്‍ക്കിന്റേത്. പാര്‍ക്കിന്റെ മധ്യഭാഗം വെള്ളത്തുള്ളിയുടെ രൂപത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഇരിക്കാനുള്ള വിശാലമായ സൗകര്യങ്ങളുമുണ്ട്. ഇതിന് ചുറ്റിലുമുള്ള മറ്റു ഭാഗങ്ങള്‍ നടക്കാനുള്ള സ്ഥലമായും സൈക്കിള്‍ പാതകളുമായാണ് സംവിധാനിച്ചിരിക്കുന്നത്.
വിവിധ പരിപാടികള്‍ നടത്താനുള്ള സ്ഥലം, വ്യായാമത്തിനുള്ള ഇടം, നടക്കാനുള്ള ട്രാക്ക് എന്നിവയുമുണ്ട്. ഉപയോഗം കഴിഞ്ഞ പുനഃചംക്രമണത്തിന് വിധേയമാക്കിയ റബര്‍, പ്രാദേശിക ഖത്തരി സാധനങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്. കഫറ്റീരിയ, ടോയ്‌ലറ്റുകള്‍, മരത്തണല്‍ ഉള്ള ഇരിപ്പിടങ്ങള്‍, മരംകൊണ്ട് നിര്‍മിച്ച വള്ളിക്കുടിലുകള്‍ എന്നിവയും പാര്‍ക്കിലുണ്ട്. 5800 സ്‌ക്വയര്‍ മീറ്ററാണ് മൊത്തം. 130 വിവിധ തരം മരങ്ങള്‍ തണല്‍ വിരിക്കുന്നുണ്ട്. 240 സ്‌ക്വയര്‍ മീറ്ററില്‍ വിവിധ തരം ചെടികള്‍ ഉണ്ട്. 3500 സ്‌ക്വയര്‍മീറ്ററില്‍ പച്ചപ്പുല്‍ വിതാനിച്ചിരിക്കുന്നു. പാര്‍ക്കിന്റെ പ്രധാന പണികളൊക്കെ പൂര്‍ത്തിയായിട്ടുണ്ട്. ചില്ലറ പണികള്‍ നിലവില്‍ നടക്കുന്നുമുണ്ട്.
വിവിധ വാണിജ്യ സ്ഥാപനങ്ങളും ഓഫിസുകളും പ്രവര്‍ത്തിക്കുന്ന മേഖലയാണ് ഒനൈസ. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇവിടെയുണ്ട്. ഇതിനാല്‍തന്നെ ജോലിക്കാര്‍ക്കും തൊഴിലാളികള്‍ക്കും തങ്ങളുടെ ഒഴിവുസമയങ്ങള്‍ ചെലവഴിക്കാന്‍ പറ്റിയ ഇടമാണ് പുതിയ പാര്‍ക്കെന്ന് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് അര്‍ഖൂബ് അല്‍ഖാലിദി പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.