Currency

പശ്ചിമേഷ്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ നിരയില്‍ മസ്‌കത്തും

സ്വന്തം ലേഖകന്‍Friday, October 4, 2019 12:16 pm

മസ്‌കത്ത്: കൂടുതല്‍ രാജ്യങ്ങളിലേക്ക് നേരിട്ടുള്ള സര്‍വിസുകളുള്ള പശ്ചിമേഷ്യയിലെ ആദ്യ പത്ത് വിമാനത്താവളങ്ങളുടെ നിരയില്‍ മസ്‌കത്തും. വിമാനത്താവളങ്ങളുടെ കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട ഒ.എ.ജി മെഗാഹബ്‌സ് സൂചികയില്‍ മസ്‌കത്തിന് ഒമ്പതാം സ്ഥാനമാണുള്ളത്. 60 ശതമാനവും ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വിസ് നടത്തുന്ന മസ്‌കത്ത് വിമാനത്താവളത്തിന് കണക്ടിവിറ്റി സൂചികയില്‍ 50 പോയിന്റാണുള്ളത്. ഇന്ത്യ, യു.എ.ഇ, സൗദി അറേബ്യ തുടങ്ങി 27 രാജ്യങ്ങളിലേക്കാണ് മസ്‌കത്ത് വിമാനത്താവളത്തില്‍നിന്ന് സീസണല്‍ സര്‍വിസുകളുള്ളത്.

അസര്‍ബൈജാന്‍, ജോര്‍ജിയ എന്നിവിടങ്ങളിലേക്ക് സീസണല്‍ സര്‍വിസുകളും ഉണ്ട്. ആഗോള തലത്തിലെ 200 വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തിയാണ് സൂചിക തയാറാക്കിയിട്ടുള്ളത്. ലണ്ടനിലെ ഹീത്രു വിമാനത്താവളമാണ് ആഗോളതലത്തില്‍ ഒന്നാമത്. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ആണ് രണ്ടാംസ്ഥാനത്ത്.

ജൂണ്‍ അവസാനത്തെ കണക്കുപ്രകാരം 52,220 അന്താരാഷ്ട്ര സര്‍വിസുകളാണ് മസ്‌കത്ത് വിമാനത്താവളത്തില്‍ കൈകാര്യം ചെയ്തത്. 73.73 ലക്ഷമാണ് ആദ്യ ആറുമാസങ്ങളിലെ യാത്രികരുടെ എണ്ണം. ഇന്ത്യയില്‍നിന്നാണ് കൂടുതല്‍ വിമാനങ്ങള്‍ എത്തിയതും പുറപ്പെട്ടതും. ഒമാന്‍ എയര്‍ യാത്രികരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം ഉയര്‍ന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x