
മസ്കത്ത്: സ്വകാര്യ വാഹന ഉടമകള്‍ക്ക് തങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷന് കാര്‍ഡുകള്‍ വൈകാതെ കിയോസ്കുകളില്‍നിന്ന് ലഭിക്കും. ഒമാന്‍ ടെല്ലുമായി ചേര്‍ന്നാണ് റോയല്‍ ഒമാന്‍ പൊലീസ് സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന കിയോസ്കുകള്‍ സ്ഥാപിക്കുക. വൈകാതെ വിവിധ മാളുകളിലടക്കം ഇത്തരം കിയോസ്കുകള്‍ സ്ഥാപിക്കുമെന്ന് ഒമാന്‍ടെല്‍ അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ മസ്കത്തിലെ ആര്.ഒ.പി ബില്‍ഡിങ്ങില്‍ ഒരു ഉപകരണം സ്ഥാപിക്കുകയും ആക്ടിവേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. വൈകാതെ ഇത് മറ്റ് മേഖലകളിലും സ്ഥാപിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്ട്രേഷന് പുതുക്കുകയും ഇന്‍ഷുറന്‍സ് നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന വാഹന ഉടമകള്‍ക്ക് ഇത്തരം കിയോസ്കുകള്‍ വഴി മുല്‍ക്കിയ ലഭിക്കുമെന്ന് ഒമാന്‍ടെല്‍ അറിയിച്ചു. വാഹന രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ 2016ലാണ് റോയല്‍ ഒമാന്‍ പൊലീസ് അവതരിപ്പിച്ചത്.
രജിസ്ട്രേഷന് കാലാവധി കഴിയുന്നതിന് മുമ്പുള്ള 30 ദിവസ കാലയളവില്‍ ഈ ആപ്ലിക്കേഷന്‍ വഴി രജിസ്ട്രേഷന് പുതുക്കാവുന്നതാണ്. പിഴയും ഈ ആപ്ലിക്കേഷന്‍ വഴി അടക്കാം. പുതിയ സംവിധാനംകൂടി നിലവില്‍ വരുന്നത് വാഹന ഉടമകള്‍ക്ക് ഏറെ അനുഗ്രഹമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.