Currency

ഒമാനില്‍ പ്രമേഹബാധിതര്‍ കൂടുന്നു; 15 ശതമാനം പേര്‍ക്ക് പ്രമേഹം

സ്വന്തം ലേഖകന്‍Sunday, October 13, 2019 12:15 pm

മസ്‌കത്ത്: ഒമാനിലും സമീപ രാഷ്ട്രങ്ങളിലും പ്രമേഹമടക്കം തീരാവ്യാധികള്‍ പിടിപെടുന്നവവരുടെ എണ്ണം ഉയരുന്നതായി ആരോഗ്യമന്ത്രി ഡോ. അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ ഒബൈദ് അല്‍ സഈദി മുന്നറിയിപ്പ് നല്‍കി. ഒമാനില്‍ സ്വദേശി ജനസംഖ്യയുടെ 15 ശതമാനം പേര്‍ക്കാണ് പ്രമേഹമുള്ളത്. പ്രമേഹമടക്കമുള്ള തീരാവ്യാധികള്‍ വൃക്കതകരാര്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയ ഗുരുതര സാഹചര്യങ്ങളിലേക്കും ആളുകളെ എത്തിക്കും. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് ഇത്തരം രോഗങ്ങള്‍ വ്യാപകമാകാന്‍ കാരണമെന്നും മന്ത്രി പറഞ്ഞു. ഹൃദ്രോഗത്തിനും പ്രമേഹത്തിനും പുറമെ കാന്‍സര്‍, പക്ഷാഘാതം, ആര്‍ത്രൈറ്റിസ് തുടങ്ങിയവയാണ് തീരാവ്യാധികളുടെ പട്ടികയിലുള്ളത്.

പൊണ്ണത്തടിയുള്ളവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായും കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പൊണ്ണത്തടി ബാധിച്ച 119 കേസുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 50.6 ശതമാനം അധികമാണിത്. പുതുതായി റിപ്പോര്‍ട്ട് ചെയ്ത പൊണ്ണത്തടിക്കാരില്‍ ആണുങ്ങളാണ് കൂടുതലും- 54.6 ശതമാനം. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് ജി.സി.സി രാഷ്ട്രങ്ങളുടെ തീരുമാന പ്രകാരമുള്ള സെലക്ടിവ് ടാക്‌സ് കഴിഞ്ഞ ജൂണ്‍ 15 മുതല്‍ ഒമാന്‍ നടപ്പാക്കിയിരുന്നു. ഹാനികരമായ ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുക വഴി പൊതുജനാരോഗ്യ സംരക്ഷണത്തിനായി ചെലവഴിക്കുന്ന തുകയുടെ അളവ് കുറക്കാമെന്ന കണക്കുകൂട്ടലിലാണ് ജി.സി.സി രാഷ്ട്രങ്ങള്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x