Currency

ദോഹ സെന്‍ട്രലിലും വെസ്റ്റ് ബേയിലും വിപുലമായ കാര്‍ പാര്‍ക്കിങ് പദ്ധതി വരുന്നു

സ്വന്തം ലേഖകന്‍Monday, October 14, 2019 12:47 pm

ദോഹ: സ്വകാര്യമേഖലയുടെയും പൊതുമേഖലയുടെയും പങ്കാളിത്തത്തോടെ ദോഹ സെന്‍ട്രലിലും വെസ്റ്റ് ബേ പ്രദേശത്തും വിപുലമായ കാര്‍പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ പബ്ലിക് വര്‍ക്‌സ് അതോറിറ്റി അശ്ഗാല്‍ പദ്ധതി തയാറാക്കുന്നു. പുതിയ പാര്‍ക്കിങ് സൗകര്യം ഒരുക്കി അനധികൃത പാര്‍ക്കിങ് തടയുക എന്ന ലക്ഷ്യവുമായാണ് വിപുല പദ്ധതി. നിലവില്‍ നിരത്തുകളില്‍ ആയിരക്കണക്കിന് കാറുകളാണ് അനധികൃതമായും മറ്റും പാര്‍ക്ക് ചെയ്യുന്നത്. ഇതു നഗരത്തിന്റെ സൗന്ദര്യത്തിന് കോട്ടം വരുത്തുന്നുണ്ട്്. ഇതുകൂടി പരിഗണിച്ചാണ് അശ്ഗാല്‍ പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇതിന്റെ പ്രവൃത്തി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട താല്‍പര്യപത്രങ്ങള്‍ അശ്ഗാല്‍ ക്ഷണിച്ചു.

വെസ്റ്റ്‌ബേയില്‍ പാര്‍ക്കിങ് സൗകര്യത്തിനായി മാത്രം രണ്ട് കെട്ടിടങ്ങള്‍ ഒരുക്കും. മള്‍ട്ടി സ്‌റ്റോറേജ് പാര്‍ക്കിങ് ശേഷിയുള്ള ഇവിടം 1400 കാറുകള്‍ക്ക് കൂടി പാര്‍ക്കിങ് സൗകര്യം ഒരുക്കും. ഇതിനുപുറമെ, ദോഹ സെന്‍ട്രലില്‍ എട്ടു പുതിയ പാര്‍ക്കിങ് കെട്ടിടങ്ങളും നിര്‍മിക്കും. പാര്‍ക്കിങ്ങിനായി ഇവിടെ 3870 പ്രത്യേക ഇടങ്ങളാണ് ഉണ്ടാവുക. അത്യാധുനിക പാര്‍ക്കിങ് സാങ്കേതിക വിദ്യകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും പുതിയ പാര്‍ക്കിങ് സൗകര്യങ്ങള്‍. പുതിയ പാര്‍ക്കിങ് സൗകര്യങ്ങളുടെ പ്രവൃത്തി ഏറ്റെടുക്കുന്ന ഡെവലപര്‍മാര്‍ക്ക് പാര്‍ക്കിങ് ഏരിയയില്‍ മറ്റു വരുമാനങ്ങള്‍ ഉണ്ടാക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി അപേക്ഷിക്കുകയും ചെയ്യാം.

അന്താരാഷ്ട്രതലത്തിലുള്ളതോ മേഖലാ തലത്തിലുള്ളതോ ആയ പങ്കാളികളെ പുതിയ പദ്ധതിക്കായി അശ്ഗാല്‍ തേടുകയാണ്. അശ്ഗാല്‍ ഇതിനകംതന്നെ അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. താല്‍പര്യമുള്ള കമ്പനികള്‍ നവംബര്‍ അഞ്ചിനുമുമ്പായി യോഗ്യത രേഖകള്‍ അശ്ഗാലിന് കൈമാറണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x