
ദോഹ: വിവിധ നിയമലംഘനങ്ങള്‍ക്ക് അധികൃതര്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ഉടമകള്‍ നേരിട്ടെത്താതെതന്നെ ഇനി മുതല്‍ തിരിച്ചെടുക്കാം. വാഹനങ്ങളുടെ ഉടമകള്‍ ചുമതലപ്പെടുത്തുന്നയാള്‍ക്ക് വാഹനം കൊണ്ടുപോകാനുമാകും. സര്‍ക്കാര്‍ സേവന ആപ്പായ മെട്രാഷ് ടുവിലാണ് ഇതുസംബന്ധിച്ച പുതിയ സേവനം കൂടി ആഭ്യന്തര വകുപ്പ് ചേര്‍ത്തിരിക്കുന്നത്. പൊലീസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ വാഹനങ്ങളാണ് ഇത്തരത്തില്‍ ഉടമകള്‍ ചുമതലപ്പെടുത്തുന്നയാള്‍ക്ക് തിരികെ കൊണ്ടുപോകാന്‍ കഴിയുക. വ്യക്തികള്‍ക്കും കമ്പനികള്‍ക്കും പുതിയ സേവനം ലഭ്യമാണ്. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടു. മെട്രാഷ് ടു ആപ് ലോഗിന്‍ ചെയ്താല്‍ ‘ട്രാഫിക് സര്‍വിസസ്’ എന്ന വിന്‍ഡോ തുറക്കണം.
ശേഷം ഇതിലുള്ള ‘വെഹിക്കിള്‍ സര്‍വിസ്’ എന്ന വിന്‍ഡോയില്‍ പ്രവേശിക്കണം. തുടര്‍ന്ന് ‘റിലീസ് വെഹിക്കിള്‍ ഡെലിഗേറ്റ്’ എന്ന സബ്‌വിന്‍ഡോ തുറക്കണം. ഇതില്‍ ആരെയാണോ വാഹനം ഏറ്റെടുക്കാന്‍ ഉടമ ചുമതലപ്പെടുത്തുന്നത് അയാളുടെ വ്യക്തിവിവരങ്ങള്‍ ചേര്‍ക്കണം. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ പ്ലേസ്‌റ്റോറുകളില്‍ നവീകരിച്ച മെട്രാഷ് ടു ആപ് ആഭ്യന്തര മന്ത്രാലയം ചേര്‍ത്തിട്ടുണ്ട്. സ്‌പോണ്‍സര്‍ മാറാനുള്ള സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് പ്രൊസീജിയര്‍ ഡേറ്റ് ചേഞ്ച് സര്‍ട്ടിഫിക്കറ്റ്, വിസ അനുവദിക്കുന്ന കാര്യത്തിനുള്ള പ്രതിനിധിയെ ചുമതലപ്പെടുത്തല്‍, ഇതിനായി നേരത്തേ ചേര്‍ത്ത പ്രതിനിധിയെ ഒഴിവാക്കല്‍, വിസയുമായി ബന്ധപ്പെട്ട കരാറുകള്‍ ചേര്‍ക്കല്‍ (തൊഴില്‍ വിസ അനുവദിക്കല്‍), പേഴ്‌സനല്‍ വിസക്കുള്ള കരാര്‍ പുതുക്കുകയോ പുതുതായി ചേര്‍ക്കുകയോ ചെയ്യല്‍, വിവിധ അനുമതികള്‍, പിടിച്ചെടുത്ത വാഹനങ്ങള്‍ വാങ്ങല്‍, വെഹിക്കിള്‍ ലോണ്‍ കൈമാറല്‍, ട്രാഫിക് നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ലൈസന്‍സ് ടെസ്റ്റിനുള്ള സമയം വാങ്ങല്‍, സെക്യൂരിറ്റി പെര്‍മിറ്റ് തുടങ്ങിയ നിരവധി സേവനങ്ങള്‍ കൂടി മെട്രാഷ് ടു ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.