Currency

മസ്‌കത്തില്‍ വാഹനങ്ങള്‍ക്ക് ഓപറേറ്റിങ് കാര്‍ഡ് നിര്‍ബന്ധമാക്കുന്നു

സ്വന്തം ലേഖകന്‍Friday, October 18, 2019 12:35 pm

മസ്‌കത്ത്: എല്ലാ കരഗതാഗത വാഹനങ്ങളിലും ഡിസംബര്‍ ഒന്നുമുതല്‍ ഓപറേറ്റിങ് കാര്‍ഡ് ഉണ്ടായിരിക്കണമെന്ന് ദേശീയ ട്രാന്‍സ്‌പോര്‍ട്ടിങ് കമ്പനിയായ മുവാസലാത്ത് അറിയിച്ചു. മുവാസലാത്ത് ആണ് കാര്‍ഡുകള്‍ അനുവദിക്കുന്നത്. കരഗതാഗത മേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി ‘നഖല്‍’ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതിന്റെ ഭാഗമാണിതെന്ന് മുവാസലാത്ത് അധികൃതര്‍ അറിയിച്ചു.

ടൂറിസ്റ്റ് ബസുകള്‍, രാജ്യാന്തര സര്‍വിസ് നടത്തുന്ന ബസുകള്‍, രാജ്യത്തിന് അകത്ത് വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് സര്‍വിസ് നടത്തുന്ന മുവാസലാത്തിന്റെയും അല്ലാത്തെയും ബസുകള്‍, ടാക്‌സികള്‍, റന്റെ് എ കാറുകള്‍, സ്‌കൂള്‍ കോളജ് ബസുകള്‍, ഓണ്‍ലൈന്‍ ടാക്‌സികള്‍, ചരക്ക് ഗതാഗത വാഹനങ്ങള്‍, എല്ലാത്തരം ട്രക്കുകളും തുടങ്ങിയവയെല്ലാം ഓപറേറ്റിങ് കാര്‍ഡ് സ്വന്തമാക്കണം.

ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനത്തിന്റെ ആദ്യഘട്ടം അവതരിപ്പിച്ചതായും മുവാസലാത്ത് അറിയിച്ചു. ജീവനക്കാര്‍ നിലവില്‍ ഈ സംവിധാനത്തില്‍ പരിശീലനം നല്‍കിവരുകയാണ്. വരും ദിവസങ്ങളില്‍ ഇത് ബസുകളില്‍ പ്രവര്‍ത്തന സജ്ജമാക്കുമെന്നും മുവാസലാത്ത് അധികൃതര്‍ അറിയിച്ചു.

പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനം, വെഹിക്കിള്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, യാത്രക്കാര്‍ക്കായുള്ള ആപ്ലിക്കേഷന്‍, ഇ-ടിക്കറ്റിങ്, പ്രതിവാര-പ്രതിമാസ പാക്കേജുകള്‍, ബസുകളുടെയും കോച്ചുകളുടെയും ട്രാക്കിങ്ങും നിരീക്ഷണവും തുടങ്ങിയവ അടങ്ങിയതാണ് ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം. യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പണമടക്കാന്‍ സാധിക്കുന്ന ഓട്ടോമേറ്റഡ് ഫെയര്‍ കലക്ഷന്‍ സംവിധാനവും വൈകാതെ യാഥാര്‍ഥ്യമാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x