
മസ്കത്ത്: എയര്‍ കണ്ടീഷനറുകള്‍ക്ക് പിന്നാലെ നാല് വൈദ്യുതോപകരണങ്ങള്‍ക്ക് കൂടി ഊര്‍ജക്ഷമതാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. വൈകാതെ റഫ്രിജറേറ്ററുകള്‍, വാട്ടര്‍ ഹീറ്ററുകള്‍, എല്‍.ഇ.ഡി ലൈറ്റ്സ്, വാഷിങ് മെഷീന്എന്നിവ ഊര്‍ജക്ഷമത മനസ്സിലാക്കി വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. കരട് മാനദണ്ഡങ്ങള്‍ തയാറാക്കാന്‍ പരിചയ സമ്പന്നനായ സാങ്കേതിക കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നത് സംബന്ധിച്ച് വൈദ്യുതി റഗുലേഷന് അതോറിറ്റി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
കരടിന്റെ അവലോകനത്തിന് ശേഷമാകും നാല് ഉപകരണങ്ങളുടെയും ഊര്‍ജക്ഷമത സംബന്ധിച്ച ദേശീയ തല മാനദണ്ഡങ്ങള്‍ പുറത്തിറക്കുക. ഒമാനിലെ വിവിധ മേഖലകളില്‍ ഊര്‍ജക്ഷമതയുടെ പ്രാധാന്യം ഏറി വരുന്നതായി വൈദ്യുതി റെഗുലേഷന് അതോറിറ്റി വക്താവ് പറഞ്ഞു. ഊര്‍ജക്ഷമത സംബന്ധിച്ച സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് നടപ്പാക്കിയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ ദേശീയ തലത്തിലുള്ള പിന്തുണ നല്‍കിയും ഈ മേഖലയില്‍ അതോറിറ്റി നിരവധി കാല്‍വെപ്പുകള്‍ നടത്തിയിട്ടുണ്ട്.
ഊര്‍ജക്ഷമതയുള്ള വൈദ്യുതോല്പന്നങ്ങള് വിപണിയില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും ഈ മേഖലയിലുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. വ്യവസായ വാണിജ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് ഇതു നടപ്പില്‍വരുത്തുന്നത്. കരട് രൂപം പൊതുജനങ്ങള്‍ക്കും ഉപകരണ നിര്‍മാണ കമ്പനികളുമായി ബന്ധപ്പെട്ടവര്‍ക്കും ലഭ്യമാകും. ഇവരുടെയെല്ലാം അവലോകന ശേഷം സാധ്യമാകുന്ന മാറ്റങ്ങള്‍ വരുത്തിയ ശേഷമാകും നാഷനല്‍ ഒമാനി സ്റ്റാന്‍ഡേഡ് എന്നറിയപ്പെടുന്ന അന്തിമ പതിപ്പ് പുറത്തിറക്കുകയെന്ന് വൈദ്യുതി റെഗുലേഷന് അതോറിറ്റി അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.