Currency

വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന; ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി ഒമാന്‍

സ്വന്തം ലേഖകന്‍Saturday, October 19, 2019 12:15 pm

ഒമാന്‍: വിദേശതൊഴിലാളികളുടെ മെഡിക്കല്‍ പരിശോധന സ്വകാര്യ മേഖലക്ക് കൈമാറാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ് ഒരുങ്ങുന്നു. സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം.

ആദ്യഘട്ടമായി മസ്‌കത്ത് ഗവര്‍ണറേറ്റിലാകും ഫിറ്റ്‌നസ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. പുതുതായി റസിഡന്റ് കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും പുതുക്കാന്‍ അപേക്ഷിക്കുന്നവര്‍ക്കുമുള്ള വൈദ്യ പരിശോധന ഇവിടെയാകും നടത്തുക. ഇത് വിജയകരമാകുന്ന പക്ഷം ഒമാന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും. സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്ത പദ്ധതി പ്രകാരം ആരോഗ്യ മന്ത്രാലയം അവതരിപ്പിക്കാന്‍ പോകുന്ന നിരവധി പദ്ധതികളില്‍ ഒന്നാണ് ഇത്. ഏറ്റവും ആധുനികമായ മെഡിക്കല്‍-തൊഴില്‍പരമായ ആരോഗ്യ പരിശോധനാ സംവിധാനമാകും ഇവിടെയുണ്ടാവുക.

റസിഡന്‍സി പെര്‍മിറ്റുമായി ബന്ധപ്പെട്ട റോയല്‍ ഒമാന്‍ പൊലീസ് അടക്കം വിവിധ വകുപ്പുകളുമായി ഇവിടത്തെ സംവിധാനങ്ങളെ കൂട്ടിയിണക്കുകയും ചെയ്യും. വിദേശതൊഴിലാളികളിലെ പകര്‍ച്ചവ്യാധി പരിശോധനക്ക് സമഗ്രവും ആധുനികവുമായ നടപടിക്രമങ്ങളാകും പുതിയ ഫിറ്റ്‌നസ് കേന്ദ്രത്തിലുണ്ടാവുക. പരിശോധനാ നിലവാരത്തിലെ മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയമാകും തയാറാക്കുക. നിലവില്‍ ആരോഗ്യ വകുപ്പിന് കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളിലുള്ള കേന്ദ്രങ്ങളിലാണ് റസിഡന്റ് കാര്‍ഡിനായുള്ള വിദേശികളുടെ വൈദ്യ പരിശോധന നടക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x