
മസ്‌കത്ത്: പാര്‍ക്കുകളിലും ബീച്ചുകളിലും മറ്റു പൊതു ഇടങ്ങളിലും സന്ദര്‍ശകര്‍ നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്ന് മസ്‌കത്ത് നഗരസഭയുടെ മുന്നറിയിപ്പ്. പാര്‍ക്കുകളിലെ നിയമലംഘനങ്ങള്‍ക്ക് 200 റിയാലിന് മുകളില്‍ വരെ പിഴയായി നല്‍കേണ്ടിവരും. പാര്‍ക്കുകളിലും ബീച്ചുകളിലും ബാര്‍ബിക്യു അനുവദനീയമല്ല. ഇത് ലംഘിക്കുന്നവര്‍ക്ക് നൂറ് റിയാല്‍ പിഴ ചുമത്തും. നിര്‍ദേശിച്ച സ്ഥലത്ത് അല്ലാതെ മാലിന്യം തള്ളുന്നവരില്‍നിന്ന് നൂറ് റിയാലും പിഴയായി ഈടാക്കും. പൊതുസ്ഥലങ്ങളില്‍ തുപ്പുന്നവര്‍ക്ക് 20 റിയാലാണ് പിഴയെന്നും നഗരസഭ വക്താവ് പറഞ്ഞു. പട്ടികളുമായി പാര്‍ക്കില്‍ പ്രവേശിക്കുന്നത് അനുവദനീയമല്ല. ബൈക്കുകള്‍ക്കും സൈക്കിളുകള്‍ക്കും നിരോധനമുണ്ട്.
ഫുട്ബാള്‍ കളിക്കുന്നതിനും വിലക്കുണ്ട്. നഗരം ശുചിയായി സൂക്ഷിക്കുകയെന്നത് കൂട്ടുത്തരവാദിത്തമാണെന്ന് നഗരസഭ അറിയിപ്പില്‍ പറഞ്ഞു. പാര്‍ക്കുകളിലെത്തുന്നവര്‍ കുട്ടികളെ ശ്രദ്ധിക്കണം. വൈദ്യുതി വയറുകളിലും മറ്റും പിടിച്ച് കളിക്കാന്‍ കുട്ടികളെ അനുവദിക്കരുത്. പാര്‍ക്കുകളും മറ്റു സംവിധാനങ്ങളും സുരക്ഷിതമായും ശുചിയായും നിലനിര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും നഗരസഭ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.