
ദോഹ: പ്രവാസികള്‍ക്ക് കുടുംബ റസിഡന്റ് പെര്‍മിറ്റ് അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള നടപടികള്‍ പുരോഗതിയില്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-പോര്‍ട്ടലുകളായ ഹുക്കുമി, മെട്രാഷ് 2 എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങളാണ് പുരോഗമിക്കുന്നതെന്ന് പാസ്പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ അതീഖാണ് വെളിപ്പെടുത്തിയത്.
പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പര്‍ നിയമം നടപ്പാക്കിയ ശേഷം കുടുംബ റസിഡന്‍സി പെര്‍മിറ്റിന് സര്‍വകലാശാലാ ബിരുദം വേണമെന്ന വ്യവസ്ഥ റദ്ദാക്കിയിട്ടുണ്ട്. അപേക്ഷകര്‍ കുടുംബത്തെ പരിപാലിക്കാന്‍ പ്രാപ്തരാണോ എന്നത് ഉറപ്പാക്കാന്‍ അപേക്ഷകന്റെ ജോലി, ശമ്പളം, താമസ സൗകര്യം എന്നിവ വിലയിരുത്തിയാണ് കുടുംബ വീസ അനുവദിക്കുന്നത്. വര്‍ഷം തോറും കുടുംബ റസിഡന്റ്സി പെര്‍മിറ്റിനുള്ള അപേക്ഷകള്‍ വര്‍ധിച്ചു വരികയാണ്. 2018 ല്‍ 40,160 അപേക്ഷകള്‍ അനുവദിച്ചു. 2017ല്‍ ഇത് 39,612 ആയിരുന്നു.
കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ ഖത്തര്‍ വീസ കേന്ദ്രങ്ങള്‍ തുറക്കാനുളള പദ്ധതിയിലാണ് അധികൃതര്‍. തൊഴിലാളി റിക്രൂട്ട്മെന്റിന്റെ പ്രധാന ഉറവിടം ഏഷ്യന്‍ രാജ്യങ്ങള്‍ ആയതിനാല്‍ നിലവില്‍ ഏഷ്യന്‍ രാജ്യങ്ങളാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
കുടുംബ റസിഡന്‍സി പെര്‍മിറ്റ് എടുക്കുന്നതിന് നടപടിക്രമങ്ങള്‍ ലളിതമാക്കിയിട്ടുണ്ട്. നേരത്തെ അപേക്ഷകന് അധികൃതരുമായുള്ള അഭിമുഖത്തിനായി പാസ്പോര്‍ട്ട് ആസ്ഥാനം സന്ദര്‍ശിക്കേണ്ടിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അഭിമുഖം സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സ് വഴി സാധ്യമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.