Currency

പെര്‍മിറ്റില്ലാതെ ഡ്രോണ്‍ പറത്തുന്നത് നിയമവിരുദ്ധം; നിയമലംഘകര്‍ക്ക് പിഴയും തടവു ശിക്ഷയും

സ്വന്തം ലേഖകന്‍Wednesday, November 13, 2019 12:18 pm

മസ്‌കത്ത്: അനുമതിയില്ലാതെ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് ഒമാനില്‍ ഇനി നിയമവിരുദ്ധം. റിമോട്ട് കണ്‍ട്രോള്‍ വിമാനങ്ങള്‍, അല്ലെങ്കില്‍ മറ്റു പറക്കുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണെന്ന് പുതിയ വ്യോമയാന നിയമത്തിലെ 27ാം വകുപ്പില്‍ പറയുന്നു. 76/2019ാം നമ്പര്‍ രാജകീയ ഉത്തരവുപ്രകാരമാണ് പുതിയ വ്യോമയാന നിയമം പ്രസിദ്ധീകരിച്ചത്. യാത്രാവിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ബന്ധപ്പെട്ട അധികൃതരുടെ അനുമതിയില്ലാതെ ആയുധങ്ങള്‍, പടക്കോപ്പുകള്‍, സ്‌ഫോടകവസ്തുക്കള്‍ അല്ലെങ്കില്‍ എന്തെങ്കിലും അപകടകരമായതോ എളുപ്പത്തില്‍ തീപിടിക്കുന്നതോ ആയ വസ്തുക്കളോ കൈവശംവെക്കാനോ കൊണ്ടുപോകാനോ പാടുള്ളതല്ലെന്നും പുതിയ നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നു.

വ്യോമഗതാഗതത്തിന്റെ സുരക്ഷയെ ബാധിക്കുന്ന തലത്തില്‍ ലേസര്‍ രശ്മികളോ മറ്റേതെങ്കിലും പ്രകാശവസ്തുക്കളോ വിമാനത്തിനുനേരെ പ്രയോഗിക്കുന്നതും പുതിയ നിയമപ്രകാരം നിരോധിക്കപ്പെട്ടതാണ്. പുതിയ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് പിഴശിക്ഷയും തടവു ശിക്ഷയും നല്‍കണമെന്ന് 63ാം വകുപ്പ് നിര്‍ദേശിക്കുന്നു. ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെ തടവും 15,000 റിയാല്‍ മുതല്‍ അമ്പതിനായിരം റിയാല്‍ വരെ പിഴയും അല്ലെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷയോ നല്‍കണമെന്നതാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x