
ദോഹ: ഖത്തറില്‍ പുതിയ ദേശീയ മേല്‍വിലാസ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള വിവരശേഖരണ നടപടികള്‍ ആരംഭിച്ചു. ഓണ്‍ലൈന്‍ സേവന സംവിധാനമായ മെട്രാഷ് ടു വിലൂടെയും സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലൂടെയോ ജനങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറാം. പൗരന്മാര്‍, പ്രവാസികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവക്കെല്ലാം തങ്ങളുടെ വിലാസം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
രാജ്യത്ത് ദേശീയ മേല്‍വിലാസ നിയമം നടപ്പില്‍ വരുത്താനൊരുങ്ങുന്ന കാര്യം നേരത്തെ ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായതായി ആഭ്യന്തര മന്ത്രാലയം ട്വിറ്റിലൂടെ വ്യക്തമാക്കി. പൗരന്‍മാരുെടയും രാജ്യത്ത് താമസിക്കുന്ന വിദേശികളുടെയും മുഴുവന്‍ വിവരങ്ങളും ഡിജിറ്റല്‍വത്കരിക്കുകയാണ് നിയമം വഴി ചെയ്യുന്നത്. ദേശീയ മേല്‍വിലാസ രജിസ്ട്രിയാണ് തയാറാക്കുക. ഇതിലേക്ക് മെട്രാഷ് ടു വിലൂടെയോ സര്‍ക്കാര്‍ സേവന കേന്ദ്രങ്ങളിലൂടെയോ ജനങ്ങള്‍ വിവരങ്ങള്‍ നല്‍കണം. നിയമത്തിന്റെ വിവിധ കാര്യങ്ങള്‍ സംബന്ധിച്ച അറിവ് നല്‍കാനായി ഒൈനസ സര്‍വീസ് സെന്ററില്‍ ദേശീയ മേല്‍വിലാസ നിയമ വിഭാഗം തന്നെ പ്രവര്‍ത്തിക്കും.
നിയമത്തിലെ ആര്‍ട്ടിക്കിള്‍ 2 പ്രകാരം വ്യക്തി താമസിക്കുന്ന വിലാസം, ലാന്റ്‌ഫോണ്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇമെയില്‍ വിലാസം, സ്വദേശത്തെ സ്ഥിര മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ തൊഴിലുടമയുടെ വിലാസവും നല്‍കണം. കൂടാതെ കോംപീറ്റന്റ് അതോറിറ്റി ആവശ്യപ്പെടുന്ന വിവരങ്ങളും കൈമാറേണ്ടതുണ്ട്. വിവരങ്ങള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ അതുസംബന്ധിച്ച് ആ വ്യക്തി നല്‍കുന്ന വിശദീകരണം ഔദ്യോഗികമായി തന്നെ രേഖപ്പെടുത്തും. കുട്ടികളുടെ വിവരങ്ങള്‍ അവരുടെ രക്ഷിതാക്കളാണ് നല്‍കേണ്ടത്.
നിയമപ്രകാരം ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങളില്‍ മാറ്റം വരുത്താനോ പുതുക്കാനോ കഴിയുമെന്ന സൗകര്യം കൂടിയുണ്ട്. പുതുക്കുകയോ മാറ്റം വരുത്തുകയോ ചെയ്തിട്ടില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. ദേശീയ മേല്‍വിലാസം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന വിവരങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ 10,000 റിയാലില്‍ കൂടാത്ത പിഴ നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.