Currency

ദോഹ മെട്രോ ഗ്രീന്‍ ലൈന്‍ ഗതാഗതത്തിനായി തുറക്കുന്നു

സ്വന്തം ലേഖകന്‍Friday, December 6, 2019 12:14 pm

ദോഹ: ദോഹ മെട്രോയുടെ ഗ്രീന്‍ ലൈന്‍ 10ന് ഗതാഗതത്തിനായി തുറക്കും. ഇതോടെ ദോഹ മെട്രോയുടെ ആദ്യ ഘട്ടത്തിലെ 3 ലൈനുകളും പ്രവര്‍ത്തനസജ്ജമാകും. ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയമാണ് ഗ്രീന്‍ ലൈനില്‍ പരീക്ഷണ പ്രവര്‍ത്തനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. അല്‍ മന്‍സൂറ മുതല്‍ അല്‍ റിഫ (മാള്‍ ഓഫ് ഖത്തര്‍) വരെയാണ് ഗ്രീന്‍ ലൈന്‍.

ദോഹയുടെ കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ സഞ്ചരിക്കുന്ന ഗ്രീന്‍ ലൈനില്‍ 11 സ്റ്റേഷനുകളാണുള്ളത്. നിലവില്‍ റെഡ് ലൈന്‍, ഗോള്‍ഡ് ലൈനുകളുടെ സമയക്രമം പോലെ തന്നെ ആയിരിക്കും ഗ്രീന്‍ ലൈനിന്റെ പ്രവര്‍ത്തനവും. റെഡ്, ഗോള്‍ഡ് ലൈന്‍ വഴിയെത്തുന്ന മെട്രോ യാത്രക്കാര്‍ക്ക് മിഷെറിബില്‍ നിന്ന് ഗ്രീന്‍ ലൈനിലേക്ക് മാറാം.

ഗ്രീന്‍ ലൈന്‍ സ്റ്റേഷനുകളിലെല്ലാം യാത്രക്കാര്‍ക്കായി സൗജന്യ മെട്രോ ലിങ്ക് ബസുകളുടെ സേവനവും ലഭിക്കും. അല്‍ ഖ്വാസര്‍ മുതല്‍ അല്‍ വക്ര വരെയാണ് റെഡ് ലൈനും റാസ് ബു അബൗദില്‍ നിന്ന് അല്‍ അസീസിയ വരെ ഗോള്‍ഡ് ലൈനുമാണ് പ്രവര്‍ത്തിക്കുന്നത്. 3 ലൈനുകളിലായി 37 സ്റ്റേഷനുകളാണുള്ളത്. രാജ്യത്തിന്റെ ഗതാഗത മേഖലയില്‍ പുതിയ വിപ്ലവത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടുള്ള ദോഹ മെട്രോ രാജ്യത്തെ ഏറ്റവും ജനകീയ പൊതു ഗതാഗത സംവിധാനമായി മാറി കഴിഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x