
ദോഹ: ദേശീയ ദിനം അടുത്തതോടെ ഖത്തര്‍ ആവേശത്തില്‍. രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിച്ചുകൊണ്ടുള്ള ആഘോഷ പരിപാടികള്‍ക്ക് പ്രധാന വേദിയായ ദര്‍ബ് അല്‍ സായിയില്‍ ഇന്ന് തുടക്കമാകും. സാംസ്‌കാരിക ഗ്രാമമായ കത്താറയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ദേശീയ ദിനാഘോഷങ്ങള്‍ ഡിസംബര്‍ 19 വരെ നീളും. ആഘോഷങ്ങള്‍ക്ക് ആവേശം പകരുന്ന മത്സരങ്ങളും ഗെയിമുകളുമായി ആസ്പയര്‍ സോണും ഇന്ന് മുതല്‍ സജീവമാകും. ഇന്ന് വൈകിട്ട് 3ന് ദര്‍ബ് അല്‍ സായിയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ദേശീയ ദിനാഘോഷങ്ങള്‍ ആരംഭിക്കും. പരമ്പരാഗത വാള്‍ നൃത്തത്തിന്റെയും വര്‍ണാഭമായ ആഘോഷങ്ങളുടെയും അകമ്പടിയോടെയാണു പതാക ഉയര്‍ത്തുക.
സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ഒട്ടേറെ സ്ഥാപനങ്ങളും ഏജന്‍സികളും ദര്‍ബ് അല്‍ സായിയിലെ ആഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. ആസ്പയര്‍ സോണ്‍ ഫൗണ്ടേഷനില്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഇന്ന് വൈകിട്ട് 3.30ന് തുടക്കമാകും. ഭരണ വികസന തൊഴില്‍ സാമൂഹിക കാര്യ മന്ത്രാലയം, കായിക പൊലീസ് ഫെഡറേഷന്‍, നാഷനല്‍ സര്‍വീസ് അക്കാദമി തുടങ്ങിയവയുടെ സഹകരണത്തിലാണ് വിവിധ പരിപാടികള്‍ നടക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.