Currency

ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ചുമതലയേറ്റു; പുതിയ മന്ത്രിസഭയും പ്രഖ്യാപിച്ചു

സ്വന്തം ലേഖകന്‍Wednesday, January 29, 2020 11:03 am

ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചുമതലയേറ്റു. രാജ്യത്തിന്റെ പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയെ നിയമിച്ചുകൊണ്ട് അമീര് ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി ഉത്തരവ് പുറപ്പെടുവിച്ചു. 2020 ലെ അമീരി ഉത്തരവ് നമ്പര്‍ രണ്ട് പ്രകാരമാണ് നിയമനം. ഇതുവരെ പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് അബ്ധുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനിയുടെ രാജി അമീര്‍ സ്വീകരിച്ചതായും ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ ഉത്തരവ് പ്രാബല്യത്തില്‍ വരും. പുതിയ പ്രധാനമന്ത്രിക്ക് അമീര്‍ ആശംസകള്‍ നേര്‍ന്നു. 2014 മുതല്‍ അമീരി കാര്യാലയമായ അമീരി ദിവാനിയുടെ മേധാവിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു നിയുക്ത പ്രധാനമന്ത്രിയായ ശെയ്ഖ് ഖാലിദ് അല്‍ത്താനി. നേരത്തെ അമീറിന്റെ ഓഫീസിലെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദദാരി കൂടിയായ ശെയ്ഖ് ഖാലിദ് അല്‍ത്താനി ഭരണകാര്യങ്ങളില്‍ നിപുണനാണ്.

2002 വരെ ഖത്തര്‍ ഗ്യാസ് കമ്പനിയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. തുടര്‍ന്ന് 2006 വരെ വിദേശകാര്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത തസ്തികയില്‍ നിയമിതനായി. ശെയ്ഖ് ഖാലിദ് അല്‍ത്താനിയുടെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭയും അമീര്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്ക് തന്നെയാണ് ആഭ്യന്തരവകുപ്പിന്റെയും ചുമതല. നിലവിലുള്ള മന്ത്രിസഭയിലെ ബാക്കിയുള്ള മന്ത്രിമാര്‍ അതെ വകുപ്പുകള്‍ തന്നെ നിലനിര്‍ത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x