
ന്യൂഡല്‍ഹി: വ്യക്തിയെ പ്രവാസി (എന്‍ആര്‍ഐ) ആയി കണക്കാക്കണമെങ്കില്‍ വര്‍ഷത്തില്‍ 240 ദിവസം വിദേശത്ത് താമസിച്ചിരിക്കണം. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ താമസിക്കാവുന്ന പരമാവധി കാലയളവ് വര്‍ഷത്തില്‍ 182 ദിവസം എന്നത് 120 ദിവസമായി കുറച്ചു. ഇതിലേറെ കാലം തങ്ങിയാല്‍ എന്‍ആര്‍ഐ പദവി നഷ്ടപ്പെടുമെന്ന് കേന്ദ്രബജറ്റ് വ്യക്തമാക്കുന്നു. പ്രവാസി ഇന്ത്യക്കാര്‍ അവര്‍ താമസിക്കുന്ന രാജ്യത്ത് നികുതി നല്കുന്നില്ലെങ്കില് ഇന്ത്യയില്‍ വരുമാന നികുതി നല്‍കേണ്ടി വരുമെന്നും ബജറ്റ് തീരുമാനം.
ആദായനികുതി സംബന്ധിച്ച് നിലവിലിരിക്കുന്ന നൂറിലേറെ ആനുകൂല്യങ്ങള്‍ പുനഃപരിശോധിച്ചുവെന്നും 70 ഇളവുകള്‍ എടുത്തു കളഞ്ഞു. ഇതിന്റെ ഭാഗമായാണ് എന്‍ആര്‍ഐ പദവിയിലുള്ളവര്‍ക്ക് പുതിയ വ്യവസ്ഥ നിലവില്‍ വന്നത്. ഇതിനായി ആദായനികുതി നിയമം സെക്ഷന്‍ 6 ഭേദഗതി ചെയ്യും.
ഇന്ത്യക്കാരായ ചിലര്‍ ഇപ്പോള്‍ ഒരു രാജ്യത്തും സ്ഥിരമായി താമസിക്കുന്നില്ല എന്ന് കണ്ടെത്തിയതായി റവന്യു സെക്രട്ടറി അജയ് പാണ്ഡേ പറഞ്ഞു. ഇവര്‍ ഒരു രാജ്യത്തും നികുതിയും കൊടുക്കുന്നില്ല. ഇതു തടയാനാണ് പുതിയ ഭേദഗതി.
പുതിയ വ്യവസ്ഥയനുസരിച്ച് 3 ഭേദഗതികളാണ് കൊണ്ടുവരുന്നത്:
1. എന്‍ആര്‍ഐ പദവി നിലനിര്‍ത്താന്‍, നികുതി കണക്കാക്കുന്ന വര്‍ഷത്തില്‍ 182 ദിവസം ഇന്ത്യയില്‍ ഉണ്ടാവാമെന്നത് 120 ആയി കുറയ്ക്കും.
2. വ്യക്തിയോ ഹിന്ദു അവിഭക്ത കുടുംബമോ നോട്ട് ഓര്‍ഡിനറിലി റസിഡന്റ് എന്ന പദവി ലഭിക്കാന്‍ തൊട്ടു മുന്നിലെ പത്തില്‍ 7 വര്‍ഷവും ഇന്ത്യക്ക് പുറത്തായിരിക്കണം.
3. ഇന്ത്യയില്‍ ഡിവിഡന്റ് മാത്രം ലഭിക്കുന്ന എന്‍ആര്‍ഐക്ക് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഇളവ് അനുവദിച്ച് 115 എ വ്യവസ്ഥ ഭേദഗതി വരുത്തി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് റോയല്‍റ്റിയോ സാങ്കേതിക സേവനങ്ങള്‍ക്ക് ഫീസോ ലഭിക്കുന്നതിനും ഈ ഇളവ് അനുവദിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.