
ദോഹ: ദോഹ മെട്രോയില്‍ യാത്രാ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. അതേസമയം പേപ്പര്‍ ടിക്കറ്റുകളല്ലാത്ത ടോപ്പ് അപ്പ് ട്രാവല്‍ കാര്‍ഡുകളുപയോഗിച്ചുള്ള യാത്രയ്ക്ക് നിരക്ക് വര്‍ധനവില്ല. ഒറ്റയാത്രയ്ക്ക് ആവശ്യമായ മിനിമം ടിക്കറ്റ് നിരക്ക് രണ്ട് റിയാലില്‍ നിന്നും മൂന്ന് റിയാലായും ഒരു ദിവസത്തേക്കുള്ള ടിക്കറ്റ് നിരക്ക് ആറ് റിയാലില്‍ നിന്നും ഒമ്പത് റിയാലായും ഉയര്‍ത്തി. ഉയര്‍ന്ന ക്ലാസായ ഗോള്‍ഡ് ക്ലബിലെ സ്റ്റാന്‍ഡേര്‍ഡ് ടിക്കറ്റ് നിരക്ക് പത്ത് റിയാലില്‍ നിന്നും പതിനഞ്ച് റിയാലായും ഉയര്‍ത്തി. ഗോള്‍ഡ് ക്ലബില്‍ ഒരു ദിവസത്തേക്കുള്ള ടിക്കറ്റിന് പതിനഞ്ച് റിയാലും വര്‍ധിപ്പിച്ചു. നേരത്തെ മുപ്പത് റിയാലായിരുന്നു ഗോള്‍ഡ് ക്ലബിലെ ഡേ പാസിന്റെ നിരക്ക്. പുതിയ നിരക്കുകള്‍ ഫെബ്രുവരി 21 മുതല്‍ നിലവില്‍ വരും.
മെട്രോ യാത്രക്കായി ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പേപ്പര്‍ ടിക്കറ്റിന്റെ ഉപയോഗം മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. അതെ സമയം പേപ്പര്‍ ടിക്കറ്റുകളല്ലാത്ത ടോപ്പ് അപ്പ് ട്രാവല്‍ കാര്‍ഡുപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ധനവില്ല. പ്രവര്‍ത്തനം തുടങ്ങി ഒമ്പത് മാസം പിന്നിടവെയാണ് ദോഹ മെട്രോയില്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചത്.
ദോഹ മെട്രോ വലിയ വിജയമായതോടെ യാത്രക്കാരുടെ വലിയ തിരക്കാണിപ്പോള്‍ അനുഭവപ്പെടുന്നത്. കൂടുതല്‍ പേരും ഒറ്റ യാത്രക്കുള്ള പേപ്പര്‍ ടിക്കറ്റുകളെടുക്കുകയും ഇത് അലക്ഷ്യമായി പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുകയും ചെയ്യുന്നത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് നടപടി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.