Currency

യാത്രാ വിലക്ക്; പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഖത്തര്‍

സ്വന്തം ലേഖകന്‍Friday, March 13, 2020 1:13 pm

ദോഹ: ഖത്തറിലേക്ക് യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി ഖത്തര്‍ തൊഴില്‍ മന്ത്രാലയം. നാട്ടിലുള്ള ഖത്തര്‍ പ്രവാസികളുടെ ഐഡി കാലാവധി തീര്‍ന്നാലും യാത്രാ വിലക്ക് നീങ്ങുന്ന മുറക്ക് രാജ്യത്തേക്ക് തിരികെ പ്രവേശിക്കാമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഖത്തറിനു പുറത്ത് ആറുമാസത്തിലധികം താമസിക്കേണ്ടി വരുന്ന പ്രവാസികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഖത്തറിലെ വിസാനിയമപ്രകാരം കാലാവധി അവസാനിച്ച ഐഡിയുമായി ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് താത്കാലികമായി പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഖത്തറിലെ സിനിമ തിയറ്ററുകള്‍, ജിംനേഷ്യം, വിവാഹ കേന്ദ്രങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍ തുടങ്ങിയവ അടച്ചിടാന്‍ ഉത്തരവിറക്കി.

മാളുകളിലും ഹോട്ടലുകളിലുമുള്ള ഇത്തരം കേന്ദ്രങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. ഇതിന് പുറമെ ആളുകള്‍ ഒത്തുകൂടുന്ന എല്ലാ ചടങ്ങുകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x