മസ്‌കത്ത്: ഒമാനില്‍ റസിഡന്റ് വിസയുള്ളവര്‍ക്ക് രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ തിരികെയെത്താമെന്ന് സിവില്‍ ഏവിയേഷന്‍ പബ്ലിക് അതോറിറ്റി. തിങ്കളാഴ്ച വൈകുന്നേരമാണ് ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഒമാന്‍ പുറത്തുവിട്ടത്. പുതിയ സര്‍ക്കുലര്‍ പ്രകാരം പ്രവേശന വിലക്ക് വിസിറ്റിംഗ് വിസയിലുള്ളവര്‍ക്ക് മാത്രം ബാധകമാകും.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്കും റസിഡന്റ് വിസയുള്ളവരും ഒഴികെ വിദേശികള്‍ക്കായിരിക്കും വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് ബാധകമായിരിക്കുകയെന്ന് അതോറിറ്റി എയര്‍ട്രാന്‍സ്‌പോര്‍ട്ട് വിഭാഗം ഡയറക്ടര്‍ സാലിം ഹമെദ് സൈദ് അല്‍ ഹുസ്‌നി ഒപ്പുവെച്ച സര്‍ക്കുലറില്‍ പറയുന്നു.
ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പൊതുആരോഗ്യം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും വിമാനത്താവളങ്ങളിലും വിമാനത്താവള ജീവനക്കാരിലും നടപ്പാക്കിയിട്ടുണ്ട്. അതേസമയം, കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലെത്തിയവര്‍ക്ക് 14 ദിവസം കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. അതോടൊപ്പം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യുകെ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാ നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.