
ഒമാന്‍: കോവിഡ് വ്യാപനം തടയാന്‍ രാജ്യത്തെ പള്ളികളും മറ്റു ആരാധനാലയങ്ങളും അടക്കാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്കാരം ഉണ്ടാവില്ല. ബാങ്ക് വിളി മാത്രമാണ് പള്ളികളില്‍ നിന്ന് ഉണ്ടാവുക. ഇതര മതസ്ഥരുടെ ദേവാലയങ്ങളും അടക്കണം. റസ്റ്റോറന്റുകളിലും കഫേകളിലും ഹോട്ടലുകളിലും ഭക്ഷണം ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു. പാഴ്സലുകള്‍ മാത്രമേ നല്കാന് പാടുള്ളൂ. ഷോപ്പിങ് മാളുകളില്‍ ഭക്ഷ്യവസ്തുക്കളും അവശ്യഉല്പന്നങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, കണ്ണടകടകള്‍ എന്നിവയൊഴികെയുള്ള സ്ഥാപനങ്ങള്‍ അടച്ചിടണം
രാജ്യത്തെ പരമ്പരാഗത മാര്‍ക്കറ്റുകളായ മത്രസൂഖ്, നിസ്വ സൂഖ്, സിനാവ് മാര്‍ക്കറ്റ് എന്നിവ അടച്ചിടണം. പ്രശസ്തമായ ബുധനാഴ്ച മാര്‍ക്കറ്റ്, വ്യാഴാഴ്ച മാര്‍ക്കറ്റ്, വെള്ളിയാഴ്ച മാര്‍ക്കറ്റ് എന്നിവക്കും നിരോധനം ബാധകമാണ്. എല്ലാ സ്പോര്‍ട്സ്, കള്‍ചറല്‍ ക്ലബുകളും അടച്ചിടണം. ജിമ്മുകള്‍,ഹെല്‍ത്ത് ക്ലബുകള്‍, ബാര്‍ബര്‍, ബ്യൂട്ടിഷോപ്പുകള്‍ എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാനും നിര്‍ദേശിച്ചു. സ്പോര്‍ട്സ്, കള്‍ചറല്‍ ക്ലബുകള്‍ അടച്ചിടും.
രാജ്യത്ത് വിദേശികള്‍ക്ക് കര, കടല്‍, വ്യോമ മാര്‍ഗം ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് തുടരാനും തീരുമാനം. ഒമാനികള്‍ രാജ്യത്തിന് പുറത്ത് പോകുന്നതും കമ്മിറ്റി നിരോധിച്ചു. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും അടക്കണം. നിലവില്‍ ഒമാനില്‍ 24 കോവിഡ്19 ബാധിതരാണുള്ളത്. അതില്‍ 12 പേര് സുഖം പ്രാപിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.