Currency

ഒമാനില്‍ ഡ്രൈവര്‍മാര്‍ മാസ്‌കും ഗ്ലൗസും ധരിക്കണം; അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് അധികൃതര്‍

സ്വന്തം ലേഖകന്‍Monday, April 6, 2020 5:56 pm

മസ്‌കത്ത്: വാഹനമോടിക്കുന്നവര്‍ മാസ്‌കും ഗ്ലൗസും ധരിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസിന്റെ നിര്‍ദേശം. കൂടാതെ തിരിച്ചറിയല്‍, വര്‍ക് കാര്‍ഡുകള്‍ കൈയിലുണ്ടാകണം. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഇതരമേഖലകളില്‍ നിന്നു റൂവിയിലേക്ക് യാത്ര അനുവദിക്കില്ലെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. യാത്രചെയ്യേണ്ടി വന്നാല്‍ പൊലീസിനോടു കാര്യങ്ങള്‍ വിശദീകരിക്കണം.

വ്യക്തമായ കാരണങ്ങള്‍ ബോധിപ്പിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മത്ര മേഖല പൂര്‍ണമായും അടച്ചിരിക്കുകയാണ്. ഇവിടേക്കു പ്രവേശനമില്ല. താമസക്കാര്‍ക്കു പുറത്തേക്കു പോകാനും വിലക്കുണ്ട്. റൂവി, വാദി കബീര്‍ എന്നിവയുടെ ചില മേഖലകളിലും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒട്ടേറെ ഇന്ത്യക്കാര്‍ താമസിക്കുന്ന മത്ര മേഖല അടച്ചതോടെ ജനജീവിതം നിശ്ചലമാണ്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍.

റൂവി, ഹംറിയ, വാദി അല്‍ കബീര്‍, ദാര്‍സെയ്ത് മേഖലകളില്‍ നിന്ന് മത്രയിലേക്കുള്ള പ്രധാന പാതകളടക്കം അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഖുറം, ദാര്‍സെയ്ത്, മസ്‌കത്ത് റോഡുകള്‍, അല്‍ ബുസ്താന്‍ തീരദേശ റോഡ് എന്നിവ വഴി പോകാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x