
ദോഹ: കോവിഡിന്റെ സമൂഹവ്യാപനം തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി പുതിയ ആപ്ലിക്കേഷന്‍ രൂപപ്പെടുത്തി ഖത്തര്‍. ‘ഇഹ്തിറാസ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്ന മുഴുവന്‍ ആളുകളെയും അവരുടെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ളവരെയും ബന്ധിപ്പിച്ചു കൊണ്ടുള്ള ഡാറ്റാബേസ് വഴിയാണ് ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം.
ആപ്പില്‍ നാല് നിറങ്ങളിലായി രോഗം സംബന്ധിച്ച സൂചനകള്‍ തെളിയും. പച്ച തെളിഞ്ഞാല്‍ മൊബൈല്‍ ഉപയോഗിക്കുന്ന വ്യക്തിക്ക് രോഗമില്ല, ആരോഗ്യവാനാണ് എന്നാണ് സൂചന. ഗ്രേ (ചാര നിറം) ആണെങ്കില്‍ കോവിഡ് രോഗമുള്ളയാളുമായി നിങ്ങള്‍ സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. മഞ്ഞ നിറമാണെങ്കില്‍ നിങ്ങള്‍ നേരത്തെ ക്വാറന്‍ന്റൈനില്‍ കഴിഞ്ഞയാളാണെന്നാണ്. ചുവപ്പ് നിറമാണ് ആപ്ലിക്കേഷനില്‍ തെളിയുന്നതെങ്കില്‍ നിങ്ങള്‍ കോവിഡ് രോഗ ബാധിതനാണെന്നാണ് സൂചിപ്പിക്കുന്നത്.
വ്യക്തിയുടെ ആപ്പില്‍ ചുവപ്പ് തെളിയുന്നതോടെ അദ്ദേഹത്തിന്റെ ഫോണിലെ കോണ്ടാക്റ്റ് ലിസ്റ്റിലുള്ള എല്ലാവര്ക്കും നിങ്ങളുടെ രോഗവിവരത്തെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വരും. രോഗ പരിശോധനാ സെന്ററുകളില്‍ ഇദ്ദേഹത്തിന് പ്രത്യേക പരിഗണനയും ലഭിക്കും. ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി വക്താവും വിദേശകാര്യസഹമന്ത്രിയുമായ ലുല്‍വ അല്‍ ഖാതിറാണ് വാര്‍ത്താസമ്മേളനത്തില്‍ പുതിയ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്ന കാര്യം അറിയിച്ചത്.
ആന്‍ഡ്രോയിഡ്, ios പ്ലാറ്റ്ഫോമുകളില്‍ വെള്ളിയാഴ്ച്ച മുതല്‍ ആപ്ലിക്കേഷന്‍ ലഭ്യമാകും. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഈ ആപ്ലിക്കേഷന്‍ അവരവരുടെ ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ലുല്‍വ അല്‍ ഖാതിര്‍ ആവശ്യപ്പെട്ടു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.