
ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെയാണ് ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ രണ്ടാം ഘട്ടം. സര്‍ക്കാര്‍ സ്വകാര്യ ഓഫീസുകളില്‍ പകുതി പേര്‍ക്ക് നേരിട്ടെത്തി ജോലി ചെയ്യാം എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ഇളവ്. ബാക്കി അമ്പത് ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യണം. രാജ്യത്തെ എല്ലാ പാര്‍ക്കുകളും ബീച്ചുകളും കോര്‍ണിഷുകളും പൊതുജനങ്ങള്‍ക്കായി തുറക്കും. എല്ലാ പ്രായക്കാര്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കുട്ടികളുടെ കളിസ്ഥലങ്ങള്‍ തുറക്കാന്‍ ഈ ഘട്ടത്തിലും അനുമതി നല്‍കിയിട്ടില്ല.
തുറസ്സായ സ്ഥലങ്ങളിലും വലിയ ഹാളുകളിലും കായിക താരങ്ങള്‍ക്ക് പരിശീലനങ്ങളിലേര്പ്പെടാം. എന്നാല്‍ പരമാവധി 10 പേര് മാത്രമേ പാടുള്ളൂ. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന ശേഷി 60 ശതമാനമാക്കി ഉയര്‍ത്തി. പരിമിതമായ സമയത്തിലും ശേഷിയിലും രാജ്യത്തെ മ്യൂസിയങ്ങളും ലൈബ്രറികളും പ്രവര്‍ത്തനം പുനരാരംഭിക്കും. കൂടുതല്‍ പള്ളികളും ആരാധനാ കര്‍മ്മങ്ങള്‍ക്കായി തുറന്നുകൊടുക്കും.
നിയന്ത്രണങ്ങള്‍ നീക്കുമ്പോഴും പൊതു, സ്വകാര്യ ഇടങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ പാടില്ലെന്ന് ദേശീയ ദുരന്തനിവാരണ ഉന്നതാധികാര സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ മാസ്കുകള്‍ ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഇഹ്തിറാസ് ആപ്പ് പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാന്‍ എല്ലാവരും കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും സമിതി നിര്‍ദേശം നല്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.