
മസ്‌കത്ത്: ഒമാനില്‍ സ്ഥിരതാമസ വിസയുള്ള വിദേശികള്‍ 180 ദിവസങ്ങള്‍ കഴിഞ്ഞും രാജ്യത്തിനു പുറത്ത് നിന്നാലും ഒമാനിലേക്ക് തിരികെ വരാമെന്ന് പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഉപഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ഹസ്ബി അറിയിച്ചു. ഒമാന്‍ ദേശിയ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നിലവില്‍ 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്ത് നിന്നാല്‍ ഒമാനിലേക്ക് പ്രവേശിക്കാനുള്ള വിസയുടെ സാധുത ഇല്ലാതാകുമായിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് തങ്ങിയ, സ്ഥിര താമസ വിസയുള്ളവര്‍ക്ക് മടങ്ങി വരാനാവും. കൊവിഡ് വ്യാപനത്തിന് തൊട്ടുമുമ്പ് അവധിക്ക് നാട്ടില്‍ പോയ മലയാളികളടക്കമുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണിത്.
ഇതിന് പുറമെ നിലവില്‍ രാജ്യത്തിന് പുറത്തുള്ള വിദേശികള്‍ക്കും റസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കഴിയുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് പബ്ലിക് റിലേഷന്‍ ഓഫീസര്‍ മേജര്‍ മുഹമ്മദ് അല്‍ ഹാഷിമിയും അറിയിച്ചു. റസിഡന്റ് കാര്‍ഡ് സ്‌പോണ്‍സറോ സ്ഥാപനമോ ഇലക്ട്രോണിക് രീതിയില്‍ പുതുക്കുകയും അതിന്റെ അറിയിപ്പ് ജീവനക്കാരന് അയച്ച് കൊടുക്കുകയും വേണം. ചില റസിഡന്റ് വിസകള്‍ പുതുക്കാനുള്ള കാലാവധി മൂന്ന് മാസത്തിന് പകരം ആറ് മാസമാക്കിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിഞ്ഞവര്‍ സ്‌പോണ്‍സര്‍ മുഖേന വിസ പുതുക്കാന്‍ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം.
നിലവില്‍ വിദേശത്തുള്ള, വിസാ കാലാവധി കഴിഞ്ഞവരും ഓണ്‍ലൈന്‍ മുഖേന വിസ പുതുക്കണം. വിമാനത്താവളം തുറക്കുന്നതനുസരിച്ചു ഒമാനിലേക്ക് തിരിച്ചു വരാന്‍ സാധിക്കും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഒമാനില്‍ തിരച്ചെത്തുന്നവരെ സഹായിക്കാനാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.