
ദോഹ: വിദ്യാര്‍ഥികളുടെ സ്‌കൂള്‍ പഠന സംവിധാനം സംബന്ധിച്ച് രക്ഷിതാക്കള്‍ എടുക്കുന്ന തീരുമാനത്തില്‍ ആദ്യ സെമസ്റ്റര്‍ പൂര്‍ത്തിയാകുന്നത് വരെ മാറ്റം അനുവദിക്കില്ലെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠനം അല്ലെങ്കില്‍ വീട്ടിലിരുന്നുള്ള ഓണ്‍ലൈന്‍ പഠനം മാത്രം മതിയോ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം അധികൃതര്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയിരിക്കുകയാണ്.
കോവിഡ്-19 നിയന്ത്രണങ്ങളിലെ ഇളവുകളുടെ 4-ാം ഘട്ടം ആരംഭിച്ച സെപ്റ്റംബര്‍ 1 മുതല്‍ സ്‌കൂളുകളില്‍ ക്ലാസ് മുറി-ഓണ്‍ലൈന്‍ മിശ്ര പഠനമാണ് നടക്കുന്നത്. അടുത്ത ആഴ്ച മുതല്‍ രക്ഷിതാക്കളുടെ തീരുമാന പ്രകാരമായിരിക്കും പഠനം നടക്കുക. മക്കള്‍ക്ക് ഏത് പഠന രീതി വേണമെന്നത് രക്ഷിതാക്കള്‍ക്ക് തീരുമാനിക്കാം. ഏതാണോ തിരഞ്ഞെടുക്കുന്നത് ആ പഠന സംവിധാനത്തില്‍ വിദ്യാര്‍ഥികള്‍ ആദ്യ സെമസ്റ്റര്‍ മുഴുവനും പഠിക്കണം. തീരുമാനത്തില്‍ മാറ്റം വരുത്താന്‍ പറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകന്‍ മുഹമ്മദ് അല്‍ ബാഷിരിയാണ് വ്യക്തമാക്കിയത്.
കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ചാണ് സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളുടെ പ്രവര്‍ത്തനം. പ്രോട്ടോക്കോള്‍ പ്രകാരം ഓരോ സ്‌കൂളുകളിലും നഴ്സുമാരുടെ സേവനവും ഐസലേഷന്‍ മുറിയുമുണ്ട്. കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചാല്‍ ആ ക്ലാസ് മുറി അല്ലെങ്കില്‍ സ്‌കൂള്‍ ഉടന്‍ തന്നെ നിശ്ചിത കാലത്തേക്ക് അടച്ചിടുകയും ചെയ്യും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.