
ദോഹ: വിദേശ രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേയ്ക്ക് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കുമുള്ള നിര്‍ബന്ധിത ക്വാറന്റീന് വ്യവസ്ഥ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരും. ദുരന്ത നിവാരണ സുപ്രീം കമ്മിറ്റിയുടേതാണ് നിര്‍ദേശം. 3 ഘട്ടങ്ങളിലായി വീണ്ടും ഏതാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന പദ്ധതിക്കും കമ്മിറ്റി അംഗീകാരം നല്കി.
അതേസമയം കോവിഡ്-19 നിയന്ത്രണങ്ങളിലെ നിലവിലെ 4-ാം ഘട്ട ഇളവുകളും തുടരും. ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ്-19 രണ്ടാം തരംഗത്തിന് തുടക്കമായ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത കുറവ് കാണിച്ചാല്‍ ഖത്തറിലും രണ്ടാം തരംഗത്തിന് സാധ്യത കൂടും. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാതെയുള്ള സാമൂഹിക സമ്പര്‍ക്കമാണ് രാജ്യത്ത് കോവിഡ്-19 വ്യാപനത്തിന്റെ പ്രധാന കാരണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
മാസ്ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍, കൈകള്‍ പതിവായി വൃത്തിയാക്കല്‍ ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ പാലിക്കണം. ഒത്തു ചേരലുകള്‍, സാമൂഹിക പരിപാടികള്‍ എന്നിവയില്‍ നിര്‍ബന്ധമായും ജാഗ്രത പുലര്‍ത്തണമെന്നും സുപ്രീം കമ്മിറ്റി നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.